പട്ടാളം പിടിമുറുക്കാത്ത ബംഗ്ലാദേശ് പിറക്കുമോ? ജനക്ഷേമ രാഷ്ട്രം സ്വപ്നം കണ്ട് മുഹമ്മദ് യുനൂസ്
ബംഗ്ലാദേശിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ സംഭവ വികാസങ്ങൾക്ക് ഒടുവിൽ നൊബേൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നാളെ അധികാരമേൽക്കും. ആർമി ചീഫ് ജനറൽ വക്കർ ഉസ് സമാൻ ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രാജ്യത്തുണ്ടായ രാഷ്ട്രീയ മാറ്റത്തെ അനുകൂലമാക്കി ഒരു ജനക്ഷേമ രാഷ്ട്രമാക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചാണ് മുഹമ്മദ് യൂനുസ് വാചാലനാകുന്നത്. “നമ്മുടെ പുതിയ വിജയം നമുക്ക് പരമാവധി പ്രയോജനപ്പെടുത്താം, നമ്മുടെ തെറ്റുകൾ കാരണം ഇത് കൈവിട്ടുപോകരുത്” – എന്നാണ് അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ പ്രതികരണം.
ബംഗ്ലാദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണെന്നാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടോടിയതിന് ശേഷം യൂനുസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അവർ ഒരു അധിനിവേശ ശക്തിയെപ്പോലെയാണ് ഭരിച്ചത്. സ്വേച്ഛാധിപതിയെയും ജനറലിനെയും പോലെ എല്ലാം നിയന്ത്രിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. നിരവധി തവണ പട്ടാളമേധാവികൾ ഭരണത്തെ നിയന്ത്രിച്ചതും പട്ടാളം ഭരണകൂടങ്ങളെ അട്ടിമറിച്ചതുമായ കഥകൾ പറയാനുണ്ട് ബംഗ്ലാ മണ്ണിന്. നിലവിൽ മുഹമ്മദ് യൂനുസിൻ്റെ സത്യപ്രതിജ്ഞ അടക്കം പ്രഖ്യാപിച്ചത് ആർമി ജനറലാണ്. വരും ദിവസങ്ങളിൽ ആർമി ചീഫ് നിയന്ത്രിക്കുന്ന ഒരു ഭരണാധികാരിയായി അദ്ദേഹം മാറുമോ എന്നതും ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നുണ്ട്.
ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്കുകളുടെ സ്ഥാപകനാണ് സാമ്പത്തിക വിദഗ്ധനായ ഡോ. മുഹമ്മദ് യൂനുസ്. ചെറുകിട സംരഭങ്ങൾക്ക് സഹായം നൽകാൻ രൂപപ്പെടുത്തിയ ഈ ആശയത്തിന് 2006 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു. പാരീസിൽ താമസിച്ചിരുന്ന യൂനുസ് അവിടെ നിന്നും എത്തിയാണ് അധികാരമേൽക്കാൻ പോകുന്നത്. ‘മാർച്ച് ടു ധാക്ക’ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ‘വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാന’ത്തിന്‍റെ നേതാക്കളാണ് മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. വിദ്യാർത്ഥി നേതാക്കളുടെ ആവശ്യം സൈന്യം അംഗീകരിക്കുകയായിരുന്നു.
1971ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ തീരുമാനമാണ് ബംഗ്ലാദേശിനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടത്. സുപ്രീംകോടതി ഇടപെട്ട് സംവരണ ക്വോട്ട റദ്ദാക്കിയെങ്കിലും തുടർചർച്ചക്കുള്ള ഷെയ്ഖ് ഹസീനയുടെ ക്ഷണം പ്രതിഷേധക്കാർ നരസിക്കുകയും അവരുടെ രാജി ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ മുന്നൂറോളം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.
സൈന്യത്തിനോട് ഷെയ്ഖ് ഹസീന പ്രക്ഷോഭം അടിച്ചമർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ സേനാ മേധാവി അന്ത്യശാസനം നൽകുകയായിരുന്നു. ഇതിന് പിന്നാലെ പദവി രാജിവെച്ച് ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹിനയും ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. ഹസീനയുടെ പലായനത്തിന് പിന്നാലെ അവർ ജയിലിൽ അടച്ച ബീഗം ഖാലിദ സിയയെ സൈന്യം മോചിപ്പിച്ചിരുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ജനാധിപത്യ ബംഗ്ലാദേശ് കെട്ടിപ്പടുക്കണമെന്നാണ് മോചിതയായ ഉടൻ അവർ നൽകിയ പ്രസ്താവന. ഡോ. മുഹമ്മദ് യൂനുസിൻ്റെ ഭരണത്തിൽ പട്ടാളം നിയന്ത്രിക്കാത്ത, സമാധാനം പുലരുന്ന, അശാന്തിയില്ലാത്ത പുതിയ ബംഗ്ലാദേശ് പിറക്കുമെന്ന് പ്രതീക്ഷിക്കാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here