നിയുക്ത പിഎസ്‌സി അംഗം പ്രിന്‍സി കുര്യാക്കോസിന്റെ പിഎച്ച്ഡി പ്രബന്ധം വിവാദത്തില്‍; ‘ശങ്കരാചാര്യര്‍ ജനിച്ചത് 18-ാം നൂറ്റാണ്ടില്‍’; ഗവര്‍ണര്‍ക്ക് പരാതി
തിരുവനന്തപുരം: പിഎസ്‌സി അംഗമായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവ് ഡോ.പ്രിന്‍സി കുര്യാക്കോസിന്റെ പിഎച്ച്ഡി പ്രബന്ധം വിവാദത്തില്‍. കാലടി സംസ്കൃത സര്‍വകലാശാലയില്‍ പ്രിന്‍സി സമര്‍പ്പിച്ച ‘ ആദി ശങ്കരാചാര്യരുടെയും ചട്ടമ്പിസ്വാമികളുടെയും വേദ ആശയങ്ങളുടെ താരതമ്യപഠനം എന്ന ഗവേഷണ പ്രബന്ധമാണ് വിവാദത്തിലായത്. അബദ്ധപഞ്ചാംഗമാണ് പ്രബന്ധമെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് നിവേദനം നൽകിയത്.
സിപിഎമ്മുമായി ബന്ധപ്പെട്ടവരുടെ പിഎച്ച്ഡി വിവാദമാകുന്ന തുടര്‍ച്ചയായ മൂന്നാമത് വിഷയമാണിത്. യുവജനകമ്മീഷന്‍ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധവും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധവുമാണ് വിവാദത്തില്‍ തുടരുന്നത്. ഇതിനെല്ലാം തൊട്ട് പിറകെയാണ് പ്രിന്‍സി കുര്യാക്കോസിന്റെ പ്രബന്ധവും വിവാദത്തില്‍ ചാടുന്നത്.
ശങ്കരാചാര്യര്‍ ജീവിച്ചിരുന്നത് എട്ടോ-ഒന്‍പതോ നൂറ്റാണ്ടിലാണെന്ന് അനുമാനിക്കപ്പെടുമ്പോള്‍ പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളിലാണ് ജീവിതം എന്നാണ് പ്രബന്ധത്തില്‍ പറയുന്നത്. ജാതി വിവേചനവും തൊട്ടു കൂടായ്മയും തീണ്ടികൂടായ്മയും പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യേയാണ് തുടങ്ങിയത്. ഇങ്ങനെ വിചിത്രവും തെറ്റിദ്ധാരണാജനകവുമായ വാദങ്ങളും നിറയെ അക്ഷരത്തെറ്റുകളുമാണ് പ്രബന്ധത്തിലുള്ളതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി തവണ ഫോണ്‍ വഴി പ്രിന്‍സിയുമായി ബന്ധപ്പെടാന്‍ മാധ്യമ സിന്‍ഡിക്കറ്റ് ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.
യുവജന കമ്മീഷൻ അംഗവും ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന പ്രിൻസി ഗവേഷണം നടത്തിയത് അന്ന് കാലടി വിസിയായിരുന്ന ഡോ. ധർമ്മരാജ് അടാട്ടിന്‍റെ മേൽനോട്ടത്തിലാണ്. പ്രബന്ധത്തിലെ പിശകുകള്‍ പരിശോധനയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ അതിനെ അവഗണിച്ച് പിഎച്ച്ഡി നൽകാൻ ധർമ്മരാജ് അടാട്ട് ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ധര്‍മ്മരാജ് അടാട്ട് മുന്‍പ് തന്നെ വിവാദത്തിലാണ്.
എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയ്ക്ക് അസി.പ്രൊഫസറായി നിയമനം നല്‍കാന്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചു എന്ന ആരോപണം ഉയര്‍ന്നതും അന്നത്തെ കാലടി സര്‍വകലാശാല വിസിയായ ധര്‍മ്മരാജ് അടാട്ടിനെതിരെയായിരുന്നു. മഹാരാജാസ് കോളജ് വ്യാജരേഖ കേസില്‍ കുറ്റാരോപിതയായ കെ.വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തിലും ആരോപണം ഉയര്‍ന്നതും അടാട്ടിനെതിരെയായിരുന്നു. ഇപ്പോള്‍ കെടിയു സര്‍വകലാശാല ഓംബുഡ്സ്മാനായി നിയമിതനായിരിക്കുകയാണ് ധര്‍മ്മരാജ് അടാട്ട്.
‘പ്രിന്‍സിയുടെ പ്രബന്ധത്തിന് എതിരെ ഉയര്‍ന്ന പരാതി കണ്ടിട്ടില്ല. ശങ്കരാചാര്യരുടെ ജീവിതകാലം 18-ാം നൂറ്റാണ്ടിലായിരുന്നുവെന്ന പരാമര്‍ശം ഗവേഷണ പ്രബന്ധത്തില്‍ വന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.’ ധര്‍മ്മരാജ് അടാട്ട് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
‘വളരെ ചെറിയ പ്രായത്തിലാണ് പ്രിന്‍സിയെ സര്‍ക്കാര്‍ പിഎസ്‌സി അംഗമാക്കുന്നത്. പിഎസ്‌സി പരീക്ഷ എഴുതാനുള്ള പ്രായപരിധിപോലും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഡോക്ടറേറ്റ് പോലും വിവാദത്തിലും’-സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാർ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
‘ഡിവൈഎഫ്ഐയുടെ നേതാവ് എന്നതിലുപരി ഒരു പരിചയസമ്പന്നതയും അവകാശപ്പെടാനുമില്ല. പിഎസ്‌സിയുടെ വിശ്വാസ്യത സംശയത്തിലാക്കുന്ന നടപടിയാണിത്. വിരമിക്കുമ്പോള്‍ പ്രിന്‍സി നാല്പത് വയസിന് താഴെയായിരിക്കും. ആ പ്രായത്തില്‍ തന്നെ ഒരു ലക്ഷത്തോളം രൂപ പെന്‍ഷനായി ലഭിക്കുകയും ചെയ്യും. സര്‍ക്കാര്‍ തീരുമാനിച്ചാലും ഗവര്‍ണര്‍ ഈ നിയമനത്തിന് അംഗീകാരം നല്‍കരുത്.’ ശശികുമാർ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here