ഡോ. ഷഹാന കേസ് പ്രതിയുടെ പഠനം തടഞ്ഞത് ഹൈക്കോടതി സ്റ്റേ ചെയ്തു; ഡോ. റുവൈസിന് പഠനം തുടരാം; ആരോഗ്യ സര്‍വകലാശാലക്ക് തിരിച്ചടി
കൊച്ചി: മെഡിക്കല്‍ വിദ്യാർത്ഥിനി ഡോ.ഷഹനയുടെ ആത്മഹത്യാ കേസില്‍ പ്രതി ഡോ.റുവൈസിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാല ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തു. പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും ഒരാഴ്ചയ്ക്കകം പുനപ്രവേശനം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അനിഷ്ട സംഭവങ്ങള്‍ കോളജ് അധികൃതര്‍ തടയണമെന്നും നിര്‍ദ്ദേശമുണ്ട്. ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹര്‍ജിയില്‍ പറഞ്ഞത്. പഠനത്തിന് ശേഷമാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. വിവാഹം നേരത്തെ നടത്തണമെന്ന് ഷഹന നിര്‍ബന്ധിച്ചുവെന്നും ഹര്‍ജിയില്‍ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥികളായ ഡോ.ഷഹനയും റുവൈസും തമ്മില്‍ അടുപ്പമായിരുന്നു. വിവാഹം ഉറപ്പിക്കുന്ന ഘട്ടമായപ്പോള്‍ ഉയര്‍ന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടത്. 150 പവനും 15 ഏക്കറും ബിഎംഡബ്ല്യുകാറുമാണ് സ്ത്രീധനം ചോദിച്ചതെന്നാണ് ഷഹാനയുടെ ബന്ധുക്കള്‍ പറഞ്ഞത്. സ്ത്രീധനപ്രശ്നത്തില്‍ വിവാഹം മുടങ്ങുന്ന ഘട്ടമായപ്പോഴാണ് ഷഹാന ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ നാലിന് രാത്രിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ ഫ്ളാറ്റില്‍ ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
റുവൈസിന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ മാനസികമായി തകര്‍ന്ന ഷഹാന മരിക്കുന്നതിന് തൊട്ടുമുന്‍പ് റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നാണ് സന്ദേശത്തില്‍ പറഞ്ഞത്. ഇത് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇതോടെ ഷഹന കൂടുതല്‍ തകര്‍ന്നു.
രാത്രി ഐസിയു ഡ്യൂട്ടിക്ക് വരേണ്ട ഷഹന എത്താഞ്ഞതിനെ തുടര്‍ന്ന് സഹപാഠികള്‍ അന്വേഷിച്ചെത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചാണ് ജീവനൊടുക്കിയതെന്നാണ് കണ്ടെത്തിയത്.
ഷഹനയുടെ ആത്മഹത്യക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും വിദ്യാർത്ഥികളില്‍ നിന്നും കടുത്ത എതിര്‍പ്പുയര്‍ന്നതോടെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്ന് ഡോ. റുവൈസിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് റുവൈസിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ സര്‍വകലാശാല ഇയാളുടെ പഠനം തടഞ്ഞ് ഉത്തരവിറക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here