ഷഹ്നയുടെ ആത്മഹത്യയില്‍ അന്വേഷണം ഇഴയുന്നു; ഒളിവിലുള്ള ഡോ.റുവൈസിന്റെ പിതാവിനെക്കുറിച്ച് സൂചനയില്ല

തിരുവനന്തപുരം: സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് മെഡിക്കൽ പിജി വിദ്യാർഥിയായ ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളിലൊരാളായ ഡോ.റുവൈസിന്റെ പിതാവ് ഒളിവില്‍ തുടരുന്നു. വീട്ടിൽ നിന്നു കാറിൽ രക്ഷപ്പെട്ട അബ്ദുൽ റഷീദിനെക്കുറിച്ച് പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

റുവൈസിന്റെ പിതാവാണ് കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്ന് ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിലും വാട്സാപ് ചാറ്റുകളിലും വ്യക്തമായിരുന്നു. ഇതെല്ലാം അറിയാമായിട്ടും പോലീസ് റുവൈസിനെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. ഇത് കാരണം അബ്ദുൽ റഷീദിന് രക്ഷപ്പെടാന്‍ വഴിയൊരുങ്ങിയെന്നാണ് ഉയരുന്ന ആക്ഷേപം.

എന്നാല്‍ ആത്മഹത്യാ കുറിപ്പും ചാറ്റുകളും മറച്ചുവച്ച് മാധ്യമങ്ങളെയടക്കം തെറ്റിദ്ധരിപ്പിച്ച മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാൽ ഇന്നലെ സമൂഹമാധ്യമ കുറിപ്പിലൂടെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഒരു കേസ് ഉണ്ടായാൽ ആദ്യം മാധ്യമങ്ങൾക്കു കച്ചവടത്തിനു കൊടുക്കണമെന്ന നിലപാടു നാടിനു ശാപമാണെന്നും അവരോടു സഹകരിക്കാത്ത ഉദ്യോഗസ്ഥനെതിരെ എന്തും എഴുതും എന്നുമായിരുന്നു ആക്ഷേപം.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടറായ ഷഹ്നയെ കഴിഞ്ഞ ദിവസം ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടാം വർഷ പി ജി വിദ്യാർഥിനിയാണ്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹ്ന എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പാണ് റുവൈസിനെ കുടുക്കിയത്. സ്തീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്… വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നരക്കിലോ സ്വർണവും ഏക്കറുകണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ലെന്നുള്ളത് സത്യമാണ് എന്ന കുറിപ്പ് പുറത്ത് വന്നതോടെയാണ് പോലീസ് നടപടികള്‍ തുടങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top