ഡോ. ഷഹ്നയുടെ ആത്മഹത്യ; റുവൈസിന് ജാമ്യം, സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് അച്ചടക്ക സമിതിക്ക് തീരുമാനിക്കാം
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ത്ഥിനിയായ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ ഡോക്ടര്‍ ഇ.എ. റുവൈസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മെഡിക്കല്‍ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത റുവൈസിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പുമായി ചര്‍ച്ച ചെയ്ത് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
ഷഹ്നയുടെ ആത്മഹത്യാക്കുറുപ്പില്‍ റുവൈസിനെതിരെ പരാമര്‍ശമുണ്ടെന്ന് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി നിരീക്ഷിച്ചിരുന്നു. ഷഹ്നയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അറിയാമായിരുന്നിട്ടും റുവൈസിന്റെ മാതാപിതാക്കള്‍ ഷഹ്നയുടെ വീട്ടിലെത്തിയപ്പോള്‍ സാമ്പത്തിക വിഷയം ചര്‍ച്ച ചെയ്തു. ജീവനൊടുക്കിയ ദിവസം ഷഹ്ന റുവൈസുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. വിദ്യാര്‍ത്ഥിയായത് കൊണ്ടാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. ഡിസംബര്‍ ഏഴ് മുതല്‍ റുവൈസ് കസ്റ്റഡിയില്‍ തുടരുകയാണ്.
റുവൈസിന്റെ പിതാവ് അബ്ദുല്‍ റഷീദിന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. പഠനം പൂര്‍ത്തിയാക്കാന്‍ ജാമ്യം നല്‍കണമെന്നാണ് റുവൈസ് കോടതിയില്‍ പറഞ്ഞത്. ഷഹ്നയുടെ മരണത്തില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നും റുവൈസ് ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ നാലാം തീയതിയാണ് ഷഹ്നയെ മെഡിക്കല്‍ കോളജിന് സമീപത്തെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹാലോചനയുമായി എത്തിയ റുവൈസിന്റെ കുടുംബം സ്ത്രീധനമായി 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും ചോദിച്ചു. ഇത് കൊടുക്കാന്‍ കഴിയാത്തത് കൊണ്ട് വിവാഹത്തില്‍ നിന്ന് റുവൈസ് പിന്മാറിയതിന്റെ മനോവിഷമത്തിലാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here