സ്കൂട്ടർ യാത്രികയെ കാർ കയറ്റി കൊന്ന കേസില്‍ അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി; ഗുരുതരമായ കുറ്റകൃത്യമെന്ന് കോടതി
മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. ഗുരുതരമായ കുറ്റകൃത്യം എന്ന് വിലയിരുത്തിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അപേക്ഷ തള്ളിയത്. കേസിലെ രണ്ടാം പ്രതിയായിരുന്ന ഡോ. ശ്രീക്കുട്ടിക്ക് കോടതി കഴിഞ്ഞ ദിവസം ജാമ്യം നൽകിയിരുന്നു. പ്രേരണാ കുറ്റമാണ് ശ്രീക്കുട്ടിക്ക് മേൽ കോടതി ചുമത്തിയിരിക്കുന്നത്.
മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത് ബോധപൂർവമുള്ള കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മനപൂർവമുള്ള നരഹത്യാ കുറ്റമാണ് അജ്മലിനെതിരെയുള്ളത്.
ആള്‍ക്കൂട്ട ആക്രമണം ഭയന്നാണ് കാര്‍ നിര്‍ത്താതിരുന്നതെന്നാണ് പ്രതി കോടതിയില്‍ അറിയിച്ചത്. സംസ്ഥാനം മുഴുവന്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ പ്രതികള്‍ ഈ നിലപാട് സ്വീകരിച്ചാൽ എന്താവും അവസ്ഥയെന്നാണ് കോടതി ചോദിച്ചത്. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിച്ചത്.
മൈനാഗപ്പള്ളിയില്‍ തിരുവോണ ദിനത്തിൽ വൈകിട്ടായിരുന്നു അപകടം. സ്കൂട്ടറില്‍ കാര്‍ ഇടിച്ചപ്പോള്‍ കുഞ്ഞുമോള്‍ കാറിനടിയിലായി. കാര്‍ എടുക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ ഇവരുടെ ദേഹത്തുകൂടി കാര്‍ കയറ്റി ഇറക്കുകയായിരുന്നു. ഇവരുടെ കാര്‍ അപകടത്തില്‍ പെട്ടതോടെയാണ് ശ്രീക്കുട്ടി പിടിയിലായത്. അജ്മലിനെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിറ്റേന്നാണ് അറസ്റ്റ് ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here