ബിജെപിയുടെത് ചിട്ടയായ പ്രവര്‍ത്തനം; സിപിഎമ്മിന്റെ അടിത്തറയില്‍ വിള്ളല്‍; വോട്ട് ചോര്‍ച്ചയില്‍ തോമസ് ഐസക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുപക്ഷത്തിന്റെ അടിത്തറയില്‍ വിളളലുണ്ടായെന്ന് തുറന്നെഴുതി സിപിഎം നേതാവും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയും ആയിരുന്ന തോമസ് ഐസക്ക്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് വോട്ട് ചോര്‍ച്ചയുണ്ടായെന്ന് അതിനുള്ള കാരണങ്ങളും ഐസക്ക് വിശദമാക്കിയിരിക്കുന്നത്. ബിജെപിക്ക് വോട്ട് കൂടിയതിന് അഞ്ച് കാരണങ്ങളാണ് ഐസക്ക് ഉന്നയിച്ചിരിക്കുന്നത്.

തൃശ്ശൂരില്‍ വിജയിക്കുക മാത്രമല്ല 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാംസ്ഥാനത്ത് വരികയും ചെയ്തു. ശബരിമല പോലൊരു പ്രശ്‌നം ഇല്ലാതിരുന്നിട്ടുകൂടി എല്‍ഡിഎഫിന്റെ അടിത്തറയില്‍ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി. ഇത് ഗൗരവകരമായി പരിശോധിക്കേണ്ട വിഷയമാണ്. രാജ്യത്താകമാനമുള്ള വര്‍ഗ്ഗീയ അന്തരീക്ഷം കേരളത്തെയും സ്വാധീനിച്ചിട്ടുണ്ട്. ബിജെപി നടത്തുന്ന ആസൂത്രിതവും ചിട്ടയുമായ പ്രവര്‍ത്തനങ്ങളുമാണ് ഇവിടെ ഫലം കണ്ടതെന്നാണ് ഐസക്ക് പറയുന്നത്. ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ഭക്തിപ്രസ്ഥാനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഭക്തി പ്രസ്ഥാനങ്ങളില്‍ നിന്നും
മറ്റ് പാര്‍ട്ടി നേതാക്കളും അംഗങ്ങളും പിന്മാറിയത് ആര്‍എസ്എസിനു സഹായകമായതായും ഐസക്ക് പറയുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീമുകളെ ബിജെപി ഫലപ്രദമായി ഉപയോഗപ്പെടുത്തി. സന്നദ്ധസംഘടനകള്‍ വഴിയുള്ള സാമൂഹ്യസേവനവും ബിജെപിയുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചതായും ഐസക്ക് വിലയിരുത്തുന്നു. ഇതോടൊപ്പം ജാതി സമുദായ സംഘടനകളെ സ്വാധീനിക്കുന്നതിനും വരുതിയില്‍ കൊണ്ടുവരുന്നതിനുമുള്ള ആസൂത്രിതമായ ശ്രമങ്ങളും ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ക്രിസ്തുമത വിശ്വാസികളിലാണെങ്കില്‍ മുസ്ലിം വിദ്വേഷത്തെ അടിസ്ഥാനമാക്കി ക്രിസംഘികള്‍ എന്നൊരു വിഭാഗം തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവയെല്ലാം ആസ്പദമാക്കിയുള്ള പ്രതിരോധവും കടന്നാക്രമണവും ഇടതുപക്ഷം സംഘടിപ്പിക്കണമെന്നും ഐസക്ക് ആവശ്യപ്പെടുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎം സംസ്ഥാന സമതി തോല്‍വി വിശദമായി ചര്‍ച്ച ചെയ്ത ശേഷമുള്ള വിശദീകരണത്തില്‍ പോലുമില്ലാത്ത വിമര്‍ശനങ്ങളാണ് ഐസക്ക് നടത്തിയിരിക്കുന്നത്. നേതൃത്വത്തെ മുനവച്ചുള്ള വിമര്‍ശനമാണ് ഐസക്ക് നടത്തിയതെന്നും വിലയിരുത്തലുണ്ട്.

തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാര്‍ലമെന്റില്‍ എന്‍ഡിഎയുടെ സീറ്റ് 353-ല്‍ നിന്ന് 292 ആയി കുറയുകയും ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍പ്പോലും പ്രധാനമന്ത്രി മോദി പാര്‍ലമെന്റില്‍ വീമ്പ് പറഞ്ഞൊരു കാര്യം കേരളത്തില്‍ അക്കൗണ്ട് തുറന്നുവെന്നുള്ളതാണ്.

തൃശ്ശൂരില്‍ വിജയിക്കുക മാത്രമല്ല 11 അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപി ഒന്നാംസ്ഥാനത്ത് വന്നു. മറ്റ് ഏഴ് മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തും. എന്‍ഡിഎയുടെ വോട്ട് ശതമാനം 2019-നെ അപേക്ഷിച്ച് 3.64 ശതമാനം ഉയര്‍ന്ന് 19.2 ശതമാനമായി. 2014-ല്‍ ഇതിന്റെ പകുതി പിന്തുണയേ കേരളത്തില്‍ ബിജെപിക്ക് ഉണ്ടായിരുന്നുള്ളൂ.
ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശബരിമല പോലൊരു പ്രശ്‌നം ഇല്ലാതിരുന്നിട്ടുകൂടി എല്‍ഡിഎഫിന്റെ അടിത്തറയില്‍ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി എന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

ആനുകൂല്യങ്ങളും മറ്റും കുടിശിക ആയതുകൊണ്ടുള്ള ജനകീയ അസംതൃപ്തി തങ്ങള്‍ക്ക് അനുകൂലമായി മാറ്റുന്നതിന് ബിജെപിക്ക് എങ്ങനെ കഴിഞ്ഞു?
(1) രാജ്യത്താകമാനമുള്ള വര്‍ഗ്ഗീയ അന്തരീക്ഷം അനിവാര്യമായും കേരളത്തെയും സ്വാധീനിക്കും. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ പ്രതിരോധവുമാണ് ഹിന്ദുത്വ വര്‍ഗ്ഗീയതയെ കേരളത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയത്. കേരളം പോലുള്ള പ്രദേശങ്ങളിലേക്ക് ഹിന്ദുത്വ വര്‍ഗ്ഗീയത കടത്തുന്നതിന് ബിജെപി നടത്തുന്ന ആസൂത്രിതവും ചിട്ടയുമായ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണേന്ത്യയിലും ഫലം കണ്ടിട്ടുണ്ട്. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ട് ശതമാനം ഉയര്‍ന്നിട്ടുണ്ട്.
(2) കേരളത്തില്‍ വളരെ ഫലപ്രദമായി അമ്പലങ്ങളെയും അതുമായി ബന്ധപ്പെട്ട ഭക്തിപ്രസ്ഥാനങ്ങളെയും ബിജെപി ഉപയോഗപ്പെടുത്തി. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളില്‍ നിന്നും മറ്റും പാര്‍ട്ടി നേതാക്കളും അംഗങ്ങളും പിന്മാറിയത് ഇവ വരുതിയിലാക്കാന്‍ ആര്‍എസ്എസിനു സഹായകമായി. ഇന്നും ഈ സ്വാധീനം ഗണ്യമായ തോതില്‍ തുടരുന്നു. അമ്പലങ്ങളും ഭക്തസംഘടനകളും വീടുകളുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കൂട്ടായ്മകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി.
(3) കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീമുകളെ ബിജെപി ഫലപ്രദമായി ഉപയോഗപ്പെടുത്തി. മുദ്രാ വായ്പകള്‍, കര്‍ഷക സമ്മാന്‍, മൈക്രോ ഫിനാന്‍സ്, ജന്‍ ഔഷധി, തെരുവ് കച്ചവടക്കാര്‍ക്കും ആര്‍ട്ടിസാന്‍മാര്‍ക്കുമുള്ള സ്‌കീമുകള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. സംസ്ഥാന സര്‍ക്കാര്‍ 25-40 ശതമാനം തുക മുതല്‍മുടക്കുന്ന കേന്ദ്രാവിഷ്‌കൃത സ്‌കീമുകള്‍പോലും കേന്ദ്രത്തിന്റേതായി ബ്രാന്‍ഡ് ചെയ്യാനുള്ള ശ്രമവും പരാമര്‍ശിക്കേണ്ടതുണ്ട്.
(4) ബിജെപി സന്നദ്ധസംഘടനകള്‍ വഴിയുള്ള ദീനാനുകമ്പ പ്രവര്‍ത്തനങ്ങളും സാമൂഹ്യസേവനവും സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് ബിജെപിയുമായി ബന്ധമില്ലാത്ത സന്നദ്ധസംഘടനകള്‍ക്കൊന്നിനും വിദേശപണം ലഭിക്കാത്ത അവസ്ഥയാണ്.
(5) അഴിമതിയിലൂടെയും ഇലക്ടറല്‍ ബോണ്ടുകളിലൂടെയും സമാഹരിച്ചിട്ടുള്ള ഭീമമായ ഫണ്ട് തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ബിജെപി ഉപയോഗപ്പെടുത്തി.

മേല്‍പ്പറഞ്ഞവയോടൊപ്പം ജാതി സമുദായ സംഘടനകളെ സ്വാധീനിക്കുന്നതിനും വരുതിയില്‍ കൊണ്ടുവരുന്നതിനുമുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. എന്‍എസ്എസ് നേതൃത്വം ആര്‍എസ്എസിനെ അകറ്റിനിര്‍ത്തുന്നുണ്ടെങ്കിലും കരയോഗങ്ങളില്‍ വലിയൊരു പങ്ക് ആര്‍എസ്എസ് നിയന്ത്രണത്തിലാണ്. ഈഴവ സമുദായത്തില്‍ ബിഡിജെഎസും ശാഖാ യോഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വലിയ പരിശ്രമമാണ് നടക്കുന്നത്. ശിവഗിരിയേയും യോഗത്തെയും തങ്ങളുടെ വരുതിയിലാക്കുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. ദളിത് സംഘടനകളെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയം കണ്ടിട്ടുണ്ട്. ജാതീയമായി സംഘടിപ്പിക്കുക, വര്‍ഗ്ഗീയമായി യോജിപ്പിക്കുക എന്നതാണ് ആര്‍എസ്എസ് നയം.

ക്രിസ്തുമത വിശ്വാസികളിലാണെങ്കില്‍ മുസ്ലിം വിദ്വേഷത്തെ അടിസ്ഥാനമാക്കി ക്രിസംഘികള്‍ എന്നൊരു വിഭാഗം തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. ഒരു കാലത്ത് പുരോഗമന നിലപാടുകള്‍ക്കു പ്രസിദ്ധമായിരുന്ന കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്ന സംഘടനയില്‍പ്പോലും ഇവരുടെ സ്വാധീനം ഇന്ന് പ്രകടമാണ്. തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന് മതമേലധ്യക്ഷന്മാര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതിനും ബിജെപിക്കു മടിയില്ല. ഇതിന്റെ ഫലം ചില പ്രദേശങ്ങളില്‍ ഈ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞിട്ടുണ്ട്.

സിഎഎ, പലസ്തീന്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ എല്‍ഡിഎഫ് സ്വീകരിച്ച തത്വാധിഷ്ഠിത സമീപനത്തെ മുസ്ലിം പ്രീണനമായി പ്രചരിപ്പിക്കുന്നതിന് ബിജെപി നടത്തിയ പരിശ്രമം കുറച്ചൊക്കെ ഏശുകയുണ്ടായി.

ഇവയെല്ലാം ആസ്പദമാക്കിയുള്ള പ്രതിരോധവും കടന്നാക്രമണവും ഇടതുപക്ഷം സംഘടിപ്പിക്കേണ്ടതുണ്ട്. ഏതൊക്കെ സാമൂഹ്യവിഭാഗങ്ങളാണ് ബിജെപിയിലേക്ക് മാറിയിട്ടുള്ളത്? ഉറച്ചനിലപാടാണോ അതോ ഫ്‌ലോട്ടിംഗ് വോട്ടുകളുടെ സ്വഭാവത്തിലുള്ളവയാണോ ഈ മാറ്റം? ബിജെപിയുടെ വര്‍ദ്ധിച്ച സ്വാധീനം എല്ലായിടത്തും ഒരുപോലെ അല്ല. ലഭ്യമായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇവയെല്ലാം പരിശോധിച്ചുകൊണ്ട് ശരിയായ ഇടപെടലിനു രൂപം നല്‍കാന്‍ കഴിയും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top