സന്ദീപ്‌ മനോരോഗി അല്ലെന്ന് സുപ്രീം കോടതി; ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഡോ.വന്ദനദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യത്തിന്റെ കാര്യത്തില്‍ ഉദാരസമീപനമാണ് സുപ്രീം കോടതി കൈക്കൊള്ളാറുള്ളതെങ്കിലും ഈ ജാമ്യാപേക്ഷ തള്ളുകയാണ് എന്നാണ് കോടതി പറഞ്ഞത്.

കുറ്റകൃത്യത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് ജാമ്യം തള്ളുന്നത്. ഹൈക്കോടതിയെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപിന്റെ ജാമ്യത്തിനെ കേരള സര്‍ക്കാരും എതിര്‍ത്തിരുന്നു. കേസുമായി ബന്ധപ്പെട്ട വിടുതല്‍ ഹര്‍ജി ആദ്യമേ കോടതി തള്ളിയിരുന്നു. ഇത് ജാമ്യാപേക്ഷയായി പരിഗണിക്കാം എന്ന് കോടതി പറഞ്ഞിരുന്നു. അത് പ്രകാരമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സന്ദീപിന്റെ മാനസിക അവസ്ഥയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. മദ്യലഹരിയില്‍ ആണെങ്കിലും ചെയ്യുന്ന കാര്യത്തിനെക്കുറിച്ച് ഇയാള്‍ക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നുവെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സുപ്രീം കോടതി വിധി.

2023 മേയ്‌ പത്തിന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ വച്ച് ഡോക്ടര്‍ വന്ദനയെ സന്ദീപ്‌ കുത്തുന്നത്. 26 മുറിവുകളാണ് വന്ദനയ്ക്ക് ഏറ്റത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്ത് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മദ്യ ലഹരിയില്‍ അക്രമം കാണിച്ച സന്ദീപിനെ പുലർച്ചെ നാലോടെയാണ് പൂയപ്പള്ളി പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. വന്ദനാദാസ് ആണ് പരിശോധിച്ചത്. മദ്യലഹരിയില്‍ ഡോക്ടറെ കുത്തിയ ശേഷം ആശുപത്രിയില്‍ ആക്രമം നടത്തിയ സന്ദീപിനെ പണിപ്പെട്ടാണ് പോലീസ് സംഘം എത്തി പിടികൂടിയത്. പോലീസുകാരും ആശുപത്രി എയ്‌ഡ്പോസ്റ്റിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്ക് പറ്റിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top