ഡോ. വന്ദനാദാസിന്റെ കൊലപാതകം: പ്രതി ആക്രമിച്ചത് ബോധപൂർവ്വം, കുറ്റപത്രം

കൊല്ലം: ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ബോധപൂർവ്വമാണ് പ്രതി സന്ദീപ് വന്ദനയെ ആക്രമിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

1050 പേജുകളുള്ള കുറ്റപത്രത്തിൽ 136 സാക്ഷി മൊഴികളും ഉൾപ്പെടുന്നു. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി സന്ദീപ് വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുന്നതുകണ്ട ദൃക്സാക്ഷി മൊഴിയുണ്ട്. സന്ദീപിന്റെ വസ്ത്രത്തിൽ നിന്ന് വന്ദനാ ദാസിന്‍റെ രക്തക്കറ കണ്ടെത്തിയിരുന്നു.  ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്.

മെയ്‌ 10 നാണ് കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ. വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ടത്. ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെ ചികിത്സക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയില്‍ സംഘർഷ സാഹചര്യം സൃഷ്ടിച്ച പ്രതി സന്ദീപ് മറ്റ് ഡോക്ടർമാരെയും ആക്രമിച്ചിരുന്നു.

കഴിഞ്ഞ ദിവസം കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ആക്രമിച്ചതെന്നും, മനഃപൂർവമല്ലാത്ത കൊലപാതകമാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടു. ഈ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. 

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top