‘സർക്കാർ എന്തിന് സിബിഐ അന്വേഷണം എതിർക്കുന്നു’; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഡോ.വന്ദനയുടെ പിതാവ്
കോട്ടയം: ഡോ.വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വന്ദനയുടെ പിതാവ് മോഹൻദാസ്. കൊലപാതകത്തിൽ ചില സംശയങ്ങൾ ഉണ്ട്. പല കാര്യങ്ങളും വിശ്വാസയോഗ്യമല്ല അതുകൊണ്ടാണ് പുറത്തു നിന്നുള്ള ഏജൻസി വേണമെന്ന് ആവശ്യപ്പെട്ടത്. സർക്കാർ എന്തിനാണ് അതിനെ ശക്തമായി എതിർക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ സന്ദീപ് മാത്രമാണ് ഏക പ്രതിയെന്നും മറ്റാർക്കെങ്കിലും പങ്കുള്ളതായി തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി സിബിഐ അന്വേഷണത്തിന് അനുമതി നിഷേധിച്ചത്. എന്നാൽ പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചെന്നാണ് മാതാപിതാക്കളുടെ ആരോപണം. ‘മകൾക്ക് പ്രാഥമിക ചികിത്സ പോലും നൽകിയില്ല. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാർ പ്രതിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചില്ല. മകൾ നിലവിളിച്ചിട്ടും രക്ഷിക്കാൻ ആരും വന്നില്ല. പിന്നെ പോലീസിന് വീഴ്ച പറ്റിയില്ല എന്നെങ്ങനെ പറയാൻ കഴിയും’; വന്ദനയുടെ പിതാവ് പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നല്‍കാനാണ് മാതാപിതാക്കളുടെ തീരുമാനം. ഇത്തരം കേസുകളിൽ മാതാപിതാക്കൾക്ക് താൽപര്യമുണ്ടെങ്കിൽ വേറെ ഏജൻസികൾക്ക് അന്വേഷണ ചുമതല നൽകാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. കേസ് പരിഗണിച്ച ചില ജഡ്ജിമാരും ഇത് ചോദിച്ചെന്നും എന്നാൽ എഡിജിപി ഉൾപ്പെടെ ഹാജരായി അതിനെ എതിർക്കുകയായിരുന്നെന്നും മോഹൻദാസ് പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി 20 തവണ മാറ്റി വച്ചതിന് ശേഷമാണ് ഇന്നലെ വിധി പറഞ്ഞത്.
2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടയില്‍ ഡോ.വന്ദന കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയായിരുന്നു. ചികിത്സയ്ക്കായി പോലീസുകാർ ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഡോക്ടർ വന്ദനയെ കുത്തിക്കൊന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here