കാട്ടാന ആക്രമിച്ച ഇന്ദിരയുടെ മൃതദേഹം ബലമായി പിടിച്ചെടുത്ത് പോലീസ്; സമരപ്പന്തല്‍ പൊളിച്ചു മാറ്റി; കോതമംഗലത്ത് നാടകീയ രംഗങ്ങള്‍

കൊച്ചി: കാട്ടാന ആക്രമണത്തെ തുടര്‍ന്ന് വയോധിക കൊല്ലപ്പെട്ടത്തില്‍ പ്രതിഷേധിക്കുന്നതിനിടെ മൃതദേഹം ബലമായി പിടിച്ചെടുത്ത് പോലീസ്. മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ട് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിഷേധിച്ചിരുന്ന ആളുകളുടെ സമരപ്പന്തല്‍ പൊളിച്ചു മാറ്റിയാണ് പോലീസിന്‍റെ നടപടി. ബന്ധുക്കളുടെ സമ്മതമില്ലാതെ മൃതദേഹം പോലീസ് പിടിച്ചെടുത്തെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. എസ്എഫ്ഐയെക്കാളും ഭ്രാന്ത് പിടിച്ച സര്‍ക്കാര്‍ ഭരിക്കുന്നതിന്റെ ഫലം ആണ് ഇവിടെ നടക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കുറ്റപ്പെടുത്തി. മൃതദേഹം താമരശ്ശേരി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോതമംഗലം ടൗണിൽ റോഡ്‌ ഉപരോധിച്ചുകൊണ്ട് മൂന്ന് മണിക്കൂര്‍ നേരമാണ് പ്രതിഷേധിച്ചത്. ഇനിയൊരു അപകടം ഉണ്ടാകില്ലെന്ന് വനം മന്ത്രി നേരിട്ടെത്തി ഉറപ്പ് നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നീട് ജില്ലാ കളക്ടര്‍ നേരിട്ട് വന്ന് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കളക്ടര്‍ ഇതിന് തയ്യാറായില്ല. ഇതോടെ കളക്ടറെ സര്‍ക്കാര്‍ വിലക്കിയതാണെന്ന ആക്ഷേപവും ഉയര്‍ന്നു. മൃതദേഹം പോലീസ് പിടിച്ചുമാറ്റുന്നതിനിടെ മരിച്ച സ്ത്രീയുടെ സഹോദരന് പരിക്കേറ്റതായും പറയുന്നു.

ഇന്ന് രാവിലെയാണ് കൂവ വിളവെടുക്കുന്നതിനിടെ കാഞ്ഞിരവേലി സ്വദേശി ഇന്ദിരയെ കാട്ടാന ആക്രമിച്ചത്. സമീപത്തെ റബര്‍ തോട്ടത്തിലെ ആളുകള്‍ ശബ്ദം കേട്ട് ഓടിയെത്തുകയായിരുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടാന എറണാകുളം ജില്ലയില്‍ നിന്ന് പുഴ കടന്നു വന്നതായി സമീപവാസികള്‍ പറയുന്നു. ഒരാഴ്ച മുന്‍പാണ് ഇടുക്കിയില്‍ സുരേഷ് കുമാര്‍ എന്ന ഓട്ടോ ഡ്രൈവര്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്. രണ്ട് മാസത്തിനിടെ ഇടുക്കിയില്‍ നടന്ന വന്യമൃഗശല്യത്തില്‍ അഞ്ചാമത്തെ ആളാണ്‌ കൊല്ലപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top