ഇന്ത്യന്‍ മിസെെല്‍ വിവരങ്ങളടക്കം പങ്കുവച്ച് സ്വകാര്യചാറ്റ്; പാക് ചാരവനിതയുടെ ഹണി ട്രാപ്പില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍

പാക് ചാരവനിതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ചോർത്തി നൽകിയത് പ്രതിരോധ പദ്ധതികളെക്കുറിച്ചും, ഇന്ത്യൻ മിസൈൽ സംവിധാനങ്ങളെക്കുറിച്ചുമുള്ള നിർണ്ണായക വിവരങ്ങള്‍. ബ്രഹ്‍മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങൾ ‘സാറാ ദാസ് ഗുപ്ത’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പാക് ചാരയ്ക്ക് ഇയാള്‍ കെെമാറിയതായി അന്വേഷണസംഘം കണ്ടെത്തി.
പുനെയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ശാസ്ത്രഞൻ പ്രദീപ് കുരുൽക്കറിനെതിരെ എടിഎസ് കഴിഞ്ഞയാഴ്ച കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 1800 പേജുള്ള കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. കുരുൽക്കറും ചാരവനിതയും തമ്മിലെ വാട്സ്ആപ്പ് സന്ദേശങ്ങളും വീഡിയോ, ശബ്ദ സന്ദേശങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. മെയ് മൂന്നിന് അറസ്റ്റിലായ പ്രദീപ് കുരുൽക്കർ നിലവില്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ. യുകെയിൽ പ്രവർത്തിക്കുന്ന ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണെന്ന് അവകാശപ്പെട്ടാണ് ചാരവനിത കുരുൽക്കറിനെ സമീപിച്ചത്. അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് സൗഹൃദം സ്ഥാപിച്ചതിനുശേഷമാണ് ദെെനംദിനമുള്ള ആശയവിനിമയത്തിലൂടെ നിർണ്ണായക വിവരങ്ങള്‍ ചോർത്തിയത്. അന്വേഷണത്തിൽ, ഇവരുടെ ഐപി വിലാസം പാകിസ്ഥാനില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ‘ജൂഹി അറോറ’ എന്ന മറ്റൊരു വ്യാജ സാമൂഹിക മാധ്യമ പ്രൊഫെെലിലൂടെയും ഇവരുമായി കുരുൽക്കർ ആശയവിനിമയം നടത്തിയിരുന്നു.
സ്വകാര്യ ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ മുദ്രവെച്ച കവറില്‍ എടിഎസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ബ്രഹ്മോസ് ലോഞ്ചർ, ഡ്രോൺ, യുസിവി, അഗ്നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്ജിംഗ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങളാണ് ഇതിലുള്ളത്. അഗ്നി – 6 പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിനെക്കുറിച്ചും അതിന്റെ ടെസ്റ്റിങ് എപ്പോള്‍ നടക്കുമെന്നും അതിന്റെ പദ്ധതികളില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചുമെല്ലാം ചാറ്റുകളില്‍ സന്ദേശങ്ങളുണ്ട്. 2022 ജൂൺ മുതൽ 2022 ഡിസംബർ വരെ ഇടയിലായിരുന്നു ഈ സംഭാഷണങ്ങളെല്ലാം.
ഔദ്യോഗികമായ ഷെഡ്യൂളുകളും ലൊക്കേഷന്‍ വിവരങ്ങളും കുരുല്‍ക്കർ ചാരവനിതയുമായി കെെമാറിയിരുന്നു. ഇതിന് പുറമെ, മൂന്ന് ഇ-മെയില്‍ വിലാസങ്ങളുടെ വിവരങ്ങളും ഇരുവരും പങ്കിട്ടുണ്ട്. ഇവരുടെ ആവശ്യപ്രകാരം രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. ഇവയിലൂടെയെല്ലാം മാല്‍വെയർ നിക്ഷേപിച്ച് വിവരങ്ങള്‍ ചോർത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
സംശയാസ്പദമായ സാഹചര്യങ്ങളെതുടർന്ന് കുരുൽക്കറിനെതിരെ ഡിആർഡിഒ ആഭ്യന്തര അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി, 2023 ഫെബ്രുവരിയിൽ കുരുൽക്കർ ചാരവനിതയുടെ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ഇന്ത്യൻ നമ്പറിൽ നിന്ന് കുരുല്‍ക്കറിനെതിരെ വീണ്ടും ഇവർ ബന്ധപ്പെടുകയും ചെയ്തിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here