തുടർച്ചയായി ലൈംഗിക വിവാദത്തിൽ പെടുന്ന രണ്ടാമത് അക്കാദമി അധ്യക്ഷൻ; രണ്ടിലും സംരക്ഷണമൊരുക്കി ഇടത് സർക്കാർ

ഇടതു സർക്കാരിൻ്റെ കാലത്ത് ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന രണ്ടാമത്തെ ചലച്ചിത്ര അക്കാദമി ചെയർമാനാണ് സംവിധായകൻ രഞ്ജിത്. ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ചെയർമാനായിരുന്ന സംവിധായകൻ കമൽ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു വെളിപെടുത്തൽ. പദവിയിലിരിക്കെയാണ് കമൽ പീഡിപ്പിച്ചത് എന്നായിരുന്നു മോഡലും യുവനടിയുമായ ഇരയുടെ ആരോപണം. എകെ ബാലനായിരുന്നു ഈ സമയം സാംസ്കാരിക മന്ത്രി. രണ്ട് സംഭവങ്ങളിലും ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

ALSO READ : വേട്ടക്കാരനെ ഇരയായി പ്രതിഷ്ഠിച്ച് വിചിത്ര ലിംഗനീതി നടപ്പാക്കുന്ന സര്‍ക്കാര്‍; ഇടതുപക്ഷത്തും ആശയകുഴപ്പം, പ്രതിഷേധം

കമൽ സംവിധാനം ചെയ്ത ‘പ്രണയ മീനുകളുടെ കടൽ’ എന്ന സിനിമയിൽ നായികാ വേഷം വാഗ്ദാനം ചെയ്തു പീഡിപിച്ചു എന്നായിരുന്നു 2020 ഏപ്രിലിൽ ഉയർന്ന പരാതി. ആരോപണത്തിൽ ഉറച്ചുനിന്ന യുവതി കമൽ സ്വന്തം കൈപ്പടയിൽ 2019 ഏപ്രിൽ 30ന് എഴുതിയ കത്തും പുറത്തുവിട്ടിരുന്നു. തുടർന്ന് കമലിനെ സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യം ഉയർന്നെങ്കിലും കാലാവധി പൂർത്തിയാവുന്നത് വരെ അദ്ദേഹം പദവിയിൽ തുടർന്നു. 2016ൽ നിയമിതനായ അദ്ദേഹം രണ്ട് ടേമുകളാണ് പൂർത്തിയാക്കിയത്. 2022ൽ കമലിന് പകരക്കാരനായെത്തിയ രഞ്ജിത്തിനെതിരെയാണ് ഇപ്പോൾ പീഡന ആരോപണം ഉയർന്നിരിക്കുന്നത്.

2009ൽ ‘പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ’ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി രഞ്ജിത് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഭയന്ന് വിറച്ച് മുറിയിൽ നിന്നും രക്ഷപെട്ടുവെന്നും ആ ദിവസം ഞെട്ടലോടെ അല്ലാതെ ഓർക്കാൻ കഴിയില്ലെന്നുമാണ് നടി തുറന്നുപറഞ്ഞത്. ആരോപണത്തിൽ ഉറച്ചു നിൽക്കുമ്പോഴും ചലച്ചിത്ര അക്കാദമി ചെയർമാനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമം. രഞ്ജിത് ഇന്ത്യ കണ്ട മികച്ച കലാകാരനാണെന്നും തെളിവ് സഹിതം പരാതി നൽകിയാൽ അന്വേഷിച്ച് നടപടി സ്വീകരിക്കാം എന്നുമാണ് സാംസ്കാരിക മന്ത്രിയുടെ പ്രതികരണം.

പശ്ചിമ ബംഗാളിലെ അറിയപ്പെടുന്ന ഇടത് ആക്റ്റിവിസ്റ്റാണ് ആരോപണം ഉന്നയിച്ച സിപിഎം സഹയാത്രിക കൂടിയായ ശ്രീലേഖ മിത്ര. മമതാ ബാനർജി സർക്കാരിൻ്റെ ശക്തയായ വിമർശകയായ അവര്‍ ഇടതുമുന്നണിയുടെ പല പരിപാടികളിലെയും സജീവ സാന്നിധ്യമാണ്. പാർട്ടി സഹയാത്രികയുടെ ആരോപണത്തിൽ ഇതുവരെ സിപിഎം കേന്ദ്ര നേതൃത്വമോ കേരള- ബംഗാൾ സംസ്ഥാന നേതൃത്വങ്ങളോ പ്രതികരിച്ചിട്ടില്ല. അതിക്രമം കാട്ടിയത് എത്ര ഉന്നതനായാലും രക്ഷപെടാൻ അനുവദിക്കില്ലെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പറഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറിയും ഈ വിഷയത്തിൽ മൗനത്തിലാണ്.

ALSO READ : നടിയുടെ ആരോപണത്തില്‍ സർക്കാർ രഞ്ജിത്തിനൊപ്പം; കേരളത്തിലെത്തി പരാതി നൽകാനില്ലെന്ന് ശ്രീലേഖ മിത്ര

അതേസമയം, ശ്രീലേഖയുടെ വെളിപ്പെടുത്തലിൻ്റ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിൽ ഘടകകക്ഷിയായ സിപിഐക്ക് വിമർശനമുണ്ട്. ദേശീയ നേതാവ് ആനി രാജ അക്കാദമി ചെയർമാനെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന നിലപാട് പരസ്യമാക്കി. കൃഷി മന്ത്രി പി.പ്രസാദും തൻ്റെ അമർഷം പ്രകടിപ്പിച്ചു കഴിഞ്ഞു. ഒരുദിവസം സിനിമയില്ലെങ്കിൽ ഇവിടെ ഒരു ചുക്കും സംഭവിക്കില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top