അർജുനായി തൃശൂരിൽ നിന്നും ഡ്രഡ്ജർ; അഗ്രോ ക്രാഫ്റ്റ് ഡ്രഡ്ജ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക്
ഷിരൂര്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ തുടരുമെന്ന് കർണാടക. കേരള- കർണാടക മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചതിന് ശേഷമാണ് തീരുമാനം. പ്രതികൂല കാലവസ്ഥയെ തുടർന്ന് താല്ക്കാലികമായി നിർത്തിവച്ച തിരച്ചിൽ തുടരും. ഇതു സംബന്ധിച്ച തീരുമാനമെടുക്കാൻ ഇന്ന് കർണാടക അവലോകനയോഗം ചേർന്നിരുന്നു.
രക്ഷാദൗത്യം തുടരാനാണ് തീരുമാനമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. നാളെ ഗംഗാവലി ശാന്തമായാൽ പുഴയിലിറങ്ങി വീണ്ടും തിരച്ചിൽ തുടരും. ചെളിയും മണ്ണും നീക്കാൻ തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിച്ച ശേഷമായിരിക്കും ദൗത്യം പുനരാരംഭിക്കുക. തൃശൂർ കാർഷിക സർവ്വകലാശാലയിലെ ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ തുടരാനാണ് ശ്രമം. പ്രായോഗിക പരിശോധനകൾക്ക് ശേഷം മാത്രം യന്ത്രം എത്തിച്ചാൽ മതിയെന്നും കർണാടക അറിയിച്ചു.
കാർഷിക സർവകലാശാലയിലുള്ള അഗ്രോ ക്രാഫ്റ്റ് ഡ്രഡ്ജ് മെഷീൻ റോഡ് മാർഗം ഷിരൂരിൽ എത്തിക്കാനാണ് ശ്രമം. യന്ത്രം പുഴയിൽ ഉറപ്പിച്ച് നിർത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ അഗ്രോ ക്രാഫ്റ്റ് ഡ്രഡ്ജ് മെഷീൻ ഓപ്പറേറ്റർമാർ ഉടൻ ഷിരൂരിൽ എത്തും. കുത്തൊഴുക്കുള്ള പുഴയിൽ ഇത് പ്രവർത്തിക്കാനാകുമോ എന്നാണ് ഇവർ പരിശോധിക്കുന്നത്.
ഹിറ്റാച്ചി ബോട്ടുമായി യോജിപ്പിച്ച് നിർമ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ. കോൾപ്പടവുകളിൽ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങിയ മെഷീൻ ഇപ്പോൾ കാർഷിക സർവ്വകലാശാലയുടെ കൈവശമാണുള്ളത്. 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ഉറപ്പിക്കാൻ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേക.
അർജുനായുള്ള രക്ഷാ പ്രവർത്തനം നിർത്തരുത് എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. സർവ്വ സന്നാഹങ്ങളുമായി തിരച്ചിൽ തുടരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഇതിന് പിന്നാലെ തുടർ നടപടികൾ ആലോചിക്കാൻ അവലോകന യോഗം ചേർന്ന ശേഷമാണ് കർണാടക തീരുമാനമറിയിച്ചത്. തിരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here