ഇനി ഡ്രൈവിംഗ് ലൈസൻസ് പോക്കറ്റിൽ സൂക്ഷിക്കേണ്ട; പുതിയ സംവിധാനം ഈ വര്‍ഷം തന്നെ; പിന്നാലെ ആര്‍സി ബുക്കിലും മാറ്റമെത്തും

വാഹന പരിശോധനക്കിടയിൽ ആർസി ബുക്കും ലൈസൻസും കൈയ്യിൽ സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നത് പതിവാണ്. ഇനി മുതൽ ഈ രേഖകൾ കൊണ്ടു നടക്കുന്നതിന് പകരം ഡിജിലോക്കറിലോ, ഡൗൺലോഡ് ചെയ്തോ സൂക്ഷിച്ചാൽ മതി. അച്ചടിച്ച ആർസി ബുക്കും ലൈസൻസും ഇനി മുതൽ ഇല്ലാതാകും. ആധുനിക കാലത്ത് എല്ലാം ഡിജിറ്റൽ രേഖകളായി സൂക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നയം.

കേരളത്തില്‍ ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്. ആദ്യഘട്ടമെന്ന നിലയിൽ ലൈസൻസുകൾ ഡിജിറ്റലാക്കും. രണ്ടാം ഘട്ടത്തിൽ ആർസി ബുക്കും. ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അച്ചടി തടസപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിനായി ധനവകുപ്പിന്റെ അനുമതി തേടാനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹന വകുപ്പ്.

അപേക്ഷകന്റെ ചിത്രവും ക്യൂആര്‍ കോഡും അടങ്ങുന്ന ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് തയ്യാറാക്കുന്നത്. പോലീസ് പരിശോധനയില്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചാല്‍ മതി. പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥന്‍ രേഖകളുടെ ഹാര്‍ഡ് കോപ്പി ആവശ്യപ്പെടില്ല. ഡിജിറ്റലാകുന്നതോടെ ലൈസന്‍സിന്റെ ഒറിജിനല്‍ പതിപ്പ് അച്ചടിച്ച് വിതരണം ചെയ്യുന്നത് ഒഴിവാക്കാനും പദ്ധതിയുണ്ട്. ഇതോടെ അച്ചടിക്കും തപാല്‍ ചെലവുകള്‍ക്കുമുള്ള 100 രൂപ കുറച്ചായിരിക്കും ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷ വാങ്ങുന്നത്.

സംസ്ഥാനത്ത് ഒരുവർഷം അഞ്ചുലക്ഷം ആര്‍സിയും 1.30 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സും അച്ചടിക്കാറുണ്ടെന്നാണ് ഏകദേശ കണക്ക്. അച്ചടിക്കും അപേക്ഷകന് അയച്ചുകൊടുക്കാനുള്ള തപാല്‍ ചെലവും കൂടി കൂട്ടിയാല്‍ ശരാശരി 80 രൂപയെങ്കിലും ഇതിന് ചെലവാകും. എന്നാല്‍ ഹാര്‍ഡ് കോപ്പി ഒഴിവാക്കി ഡിജിറ്റലിലേക്ക് മാറിയാല്‍ ഇതിന് ചെലവാകുന്ന ഭീമമായ തുക ലാഭിക്കാനാവും. ഇപ്പോള്‍ ലൈസന്‍സ് അച്ചടിക്കായി മോട്ടോര്‍ വാഹന വകുപ്പ് കരാര്‍ നല്‍കിയിരിക്കുന്ന കമ്പനിക്ക് കോടികളുടെ കുടിശികയുണ്ട്. ഇതോടെ ലൈസന്‍സുകളുടെ അച്ചടിയും വിതരണവും വൈകി. ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം അച്ചടിച്ച് നല്‍കിയാല്‍ മതി. ഡ്രൈവിംഗ് പരീക്ഷ പാസാകുന്ന ദിവസം തന്നെ മൊബൈലില്‍ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഇവ തയ്യാറാക്കുന്നത്.

ഡ‍‍ിജിറ്റൽ ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള വാഹന രേഖകൾക്ക് നിയമപരമായ സാധുതയുണ്ടെന്ന് പോലീസ് മേധാവി നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ട്. എന്നാൽ ഡിജി ലോക്കർ ആപ്പിൽ ഡ്രൈവിങ് ലൈസൻസ് അപ്ഡേറ്റ് ആകുന്നില്ലെന്ന് പരാതി ധാരാളമുണ്ട്. അതിന് പരിഹാരവും പോലീസ് നിർദേശിച്ചിട്ടുണ്ട്. ഡിജിലോക്കർ ആപ്പിൽ ലൈസൻസ് അപ്ഡേറ്റ് ചെയ്യുന്ന വിധവും കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top