ഡ്രൈവിങ് സ്കൂളുകള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്; പ്രതിഷേധം ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍; തീരുമാനവുമായി മന്ത്രി മുന്നോട്ട്

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്ക്കരണം നാളെ മുതല്‍ നടപ്പിലാക്കാനിരിക്കെ പണിമുടക്കിന് ഡ്രൈവിങ് സ്കൂളുകള്‍. നാളെ മുതല്‍ അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. ഡ്രൈവിങ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മന്ത്രി ഏകപക്ഷീയമായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കള്‍ വ്യക്തമാക്കി.
കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം. പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല, തുടങ്ങി വലിയ പരിഷ്ക്കാരത്തിനാണ് മന്ത്രിയുടെ നിര്‍ദേശം.
മന്ത്രിയുടെ നിർദേശം പാലിക്കാൻ ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ആദ്യഘട്ടത്തിൽ ചെറിയ ഇളവുകള്‍ കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. അതിനിടയിലാണ് നാളെ മുതല്‍ ഡ്രൈവിംഗ് സ്കൂളുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here