ഡ്രൈവിങ് സ്കൂൾ ഉടമകളുടെ പ്രതിഷേധം പിൻവലിച്ചു; ഗതാഗതമന്ത്രിയുമായുള്ള ചർച്ചയിൽ സമവായം; വിട്ടുവീഴ്ചയ്ക്ക് തയാറായി ഇരുവിഭാഗവും
തിരുവനന്തപുരം : 14 ദിവസമായി തുടരുന്ന പ്രതിഷേധം പിൻവലിച്ച് സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂൾ ഉടമകൾ. ഇന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം പിൻവലിച്ചത്. ടെസ്റ്റിൽ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളിൽ ഇളവ് വരുത്താൻ ഗതാഗതമന്ത്രി തയ്യാറായി. ഒപ്പം മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ചിലതിൽ വിട്ടുവീഴ്ചയ്ക്ക് പ്രതിഷേധക്കാരും തയ്യാറായതോടെയാണ് പ്രതിസന്ധി തീർന്നത്.
ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്തി.രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകള്‍. ഡ്രൈവിംഗ് സ്കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കും. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ‍് ടെസ്റ്റും നടത്തുമെന്നും ചർച്ചകൾക്ക് ശേഷം ഗതാഗതമന്ത്രി പറഞ്ഞു. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ 40 ഡ്രൈവിങ് ടെസ്റ്റ് നടത്തും രണ്ട് ഇന്‍സ്പെക്ടര്‍മാരുള്ളിടത്ത് 80 ലൈസന്‍സ് ടെസ്റ്റ് നടത്തും.
രണ്ടര ലക്ഷത്തോളം അപേക്ഷകൾ പ്രതിഷേധം മൂലം സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നതായും മന്ത്രി പറഞ്ഞു. പരിഷ്കാരങ്ങൾ മുഴുവൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാരും വിട്ടുവീഴ്ച വരുത്തി. ഗതാഗത മന്ത്രിക്കൊപ്പം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here