ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ കഞ്ഞിവെച്ചും കുഴിമാടം നിര്‍മ്മിച്ചും പ്രതിഷേധം; പരിഷ്ക്കരിച്ച ടെസ്റ്റ് ഇന്നും മുടങ്ങി; പണിമുടക്ക് തുടരാന്‍ സംഘടനകളുടെ തീരുമാനം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പ്രതിഷേധം സംഘടിപ്പിച്ചതോടെ ഇന്ന് ടെസ്റ്റ് മുടങ്ങി. ഡ്രൈവിങ് ടെസ്റ്റുകൾ പൊലീസ് സംരക്ഷണയിൽ നടത്തുമെന്നാണ് മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചത്. അതുകൊണ്ട് ഫലമില്ലെന്നാണ് ഇന്നത്തെ പ്രതിഷേധം തെളിയിച്ചത്. വിവിധ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സമരക്കാര്‍ സംഘടിപ്പിച്ചത്.
തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റ് ഗ്രൗണ്ടിന് മുൻപിൽ സമരക്കാർ റോഡിൽ കിടന്നാണ് പ്രതിഷേധിച്ചത്. തൃശൂർ അത്താണിയിൽ കുഴിമാടം നിർമിച്ചും താമരശേരിയിലെ സ്വകാര്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ കഞ്ഞിവച്ചുമായിരുന്നു പ്രതിഷേധം. കോഴിക്കോട്ടും കൊച്ചിയിലും ഡ്രൈവിങ് ടെസ്റ്റ് നടന്നില്ല. ടെസ്റ്റ് പരിഷ്കരിച്ചതുകൊണ്ടുളള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുളള മിക്ക സംഘടനകളുടെയും തീരുമാനം.
സ്ലോട്ട് ലഭിച്ച അപേക്ഷകർ ടെസ്റ്റിന് ഹാജരാകണമെന്നാണ് മന്ത്രി നിര്‍ദേശിച്ചത്. സ്വന്തം വാഹനം അവര്‍ക്ക് ഉപയോഗിക്കാമെന്നും ബോധപൂർവം മാറിനിന്നാൽ അടുത്ത് ടെസ്റ്റിന് അവസരം കിട്ടാൻ കാലതാമസമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പരമാവധി സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഭൂമിയിലോ സന്നദ്ധത അറിയിക്കുന്ന സ്വകാര്യ ഭൂമിയിലോ ഗ്രൗണ്ടുകൾ അടിയന്തരമായി ഒരുക്കാൻ ആർടിഒമാർക്കും നിർദ്ദേശം നൽകിയിരുന്നു. പക്ഷെ പ്രതിഷേധം രൂക്ഷമായതോടെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതരും ടെസ്റ്റ് നടത്താതെ മടങ്ങുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here