ഡ്രൈവിങ് ലൈസന്‍സിനായി കെട്ടിക്കിടക്കുന്നത് രണ്ടര ലക്ഷം അപേക്ഷകള്‍; പരിഷ്‌കാരങ്ങളില്‍ ചില ഇളവുകള്‍ മാത്രമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് മുടങ്ങിയ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാംഭിക്കാന്‍ തീരുമാനിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. നേരത്തെ നിര്‍ദേശിച്ച പരിഷ്‌കാരങ്ങളില്‍ ചില ഇളവോടെയാകും ടെസ്റ്റുകള്‍ നടത്തുക. നിലവില്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ടെസ്റ്റിന് സ്ലോട്ട് കാത്തിരിക്കുന്നത് 2,24,972 അപേക്ഷകരാണ്. മെയ് അഞ്ചുവരെയുളള കണക്കുകളാണിത്. പത്തു ലക്ഷത്തില്‍പ്പരം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി. കൂടുതല്‍ ഉദ്ധോഗസ്ഥരെ ഉള്‍പ്പെടുത്തി അധിക ടീമുകള്‍ ടെസ്റ്റ് നടത്തുന്നതിനായി രൂപീകരിക്കും. റീജിയണിലെ ആര്‍.ടി.ഒമാര്‍ സബ് ഓഫീസുകളിലെ ജോയിന്റ് ആര്‍.ടി.ഒമാരുമായി നിലവിലെ സ്ഥിതി വിലയിരുത്തി വേണ്ട നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ ‘സാരഥി’എന്ന സോഫ്റ്റ്വെയര്‍ വഴിയാണ് നല്‍കുന്നത്. സാങ്കേതിക കാരണങ്ങളാല്‍2024മേയ് 16 മുതല്‍ സേവനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്. ഇത് എത്രയും വേഗം പരിഹരിക്കും. സോഫ്റ്റ്വെയര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
ടെസ്റ്റ് പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംഘടന 14 ദിവസം സമരം ചെയ്തിരുന്നു. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധം പിന്‍വലിച്ചത്. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്തി.രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകള്‍. ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കും. ഇത് പഠിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കും. തുടങ്ങിയ ഉറപ്പുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം പിന്‍വലിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here