ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി; സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധം തുടരുന്നു; ആരെയും ടെസ്റ്റിന് കയറ്റില്ലെന്ന് പ്രഖ്യാപനം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സംഘടനകള്‍ പ്രതിഷേധം തുടരുന്നതിനാലാണ് ടെസ്റ്റുകള്‍ മുടങ്ങിയത്. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിക്കുന്നത്. പരിഷ്‌ക്കരണം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാണ് ഐഎന്‍ടിയുസിയും സ്വതന്ത്ര സംഘടനകളും ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം മുട്ടത്തറയില്‍ ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ആരെയും ടെസ്റ്റിന് കയറ്റില്ലെന്ന് സമരക്കാര്‍ എംവിഡി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതി ടെസ്റ്റ് ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധിക്കുന്നത്. എറണാകുളത്തും സ്‌കൂളുകാര്‍ ടെസ്റ്റ് ബഹിഷ്‌ക്കരിച്ചു.

ഗതാഗതന്ത്രി കെബി ഗണേഷ്‌കുമാര്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സിഐടിയു പ്രതിഷേധത്തില്‍ നിന്നും പിന്‍മാറിയത്. എന്നാല്‍ ഡ്രൈവിങ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് മന്ത്രി ഏകപക്ഷീയമായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.

കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണം കൊണ്ടുവന്നത്. പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല, തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇവ നടപ്പാക്കാന്‍ സാവകാശം അനുവദിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top