മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് ചെന്നിത്തല; നിങ്ങളെ തന്നെ കുറ്റപ്പെടുത്തുമെന്ന് സതീശന്‍; മുഖ്യമന്ത്രിയെ വളഞ്ഞിട്ട് പിടിച്ച് പ്രതിപക്ഷം; ക്ഷുഭിതനായി പിണറായി

കേരളത്തിലെ ലഹരി ഉപയോഗവും അതുമൂലം അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതും സംബന്ധിച്ച് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നടന്നത് പ്രതിപക്ഷനും മുഖ്യമന്ത്രിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം. സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തിയുളള പ്രതിപക്ഷ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി പലവട്ടം പ്രകോപിതനായി. രാവിലെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ സര്‍ക്കാര്‍ സന്തോഷത്തോടെ ചര്‍ച്ചക്ക് തയാറെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്നാല്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ ആ സമീപനത്തില്‍ അല്ലായിരുന്നു.
പ്രതിപക്ഷത്ത് നിന്നും രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മസിറ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് ആവര്‍ത്തിച്ച് വിളിച്ച് ചെന്നിത്തല കേരളത്തില്‍ ലഹരിയുടെ പേരില്‍ നടന്ന കൊലപാതകങ്ങളും അക്രമങ്ങലും എണ്ണിപ്പറഞ്ഞു. സ്‌ക്ൂള്‍ കുട്ടികള്‍ക്ക് പോലും എന്തും ചെയ്യാന്‍ മടിയില്ലാത്ത അവസ്ഥയില്‍ എത്തിയില്ലേ എന്നും ചോദിച്ചു. കേരളം കൊളബിയയായി മാറുകയോ. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ നിങ്ങള്‍ ഒന്‍പത് വര്‍ഷം ഭരിച്ചിട്ടും എന്തു ചെയ്തു. ബാറുകളുടെ എണ്ണം കൂട്ടുക മാത്രം ചെയ്തു എന്നും വിമര്‍ശിച്ചു.
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ വിളിയോടെയുള്ള വിമര്‍ശനത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി എഴുന്നേറ്റു. ഇദ്ദേഹം ഈ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് പറഞ്ഞ് ഒരോ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കുന്നുണ്ട്. ഒരോന്നിനും ഇടയ്ക്ക് ഇടയ്ക്ക് ഉത്തരം പറഞ്ഞുകൊണ്ടിരിക്കണോ? വേണമെങ്കില്‍ അതാവാം. സമൂഹം നേരിടുന്ന വിപത്തിനെ നേരിടുന്ന രീതിയിലാണോ അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതാണോ ശരിയായ രീതി. യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയണം. ഇന്ന് നാട് നേരിടുന്ന പ്രശ്നം എന്താണെന്ന് മനസിലാക്കാന്‍ സാധിക്കണം. ഇടയ്ക്കിടയ്ക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് പറഞ്ഞു ചോദ്യം ചോദിച്ചാല്‍ മാത്രം പോര എന്ന് മുഖ്യമന്ത്രി പറഞ്ഞു
പ്രതിപക്ഷ നേതാവും വിട്ടില്ല. നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. നിങ്ങളാണ് കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ളയാള്‍. നിങ്ങളെ കുറ്റപ്പെടുത്തും. അതിനെന്തിനാണ് താങ്കള്‍ ഇങ്ങനെ അസഹിഷ്ണുത കാണിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. എന്താണ് സംസാരിക്കേണ്ടതെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്നും അത് തന്റെ അധികാരമാണെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നത് അണ്‍പാര്‍ലമെന്ററിയല്ലെന്നും ഇനിയും പറയുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here