നായ്ക്കളുടെ കാവലില്‍ ലഹരി വില്‍പ്പന; വര്‍ക്കലയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വർക്കല കവലിയൂരിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ഏഴ് കൂറ്റന്‍ വളർത്തുനായ്ക്കളെ കാവൽ നിർത്തിയാണ് സംഘം കച്ചവടം നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കവലിയൂര്‍ പോലീസാണ് സംഘത്തെ പിടികൂടിയത്. കവലക്കുന്ന് സ്വദേശി ഷൈനും കൂട്ടാളികളുമാണ് പിടിയിലായത്.

ഷൈനിന്റെ വീട്ടിൽ ലഹരി വിൽപ്പനയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. എന്നാൽ പീറ്റ് ബുൾ ഇനത്തിൽപ്പെട്ട ഏഴ് കൂറ്റൻ നായ്ക്കളാണ് ഇവിടെ കാവൽ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ പോലീസിന് അകത്ത് കടക്കാൻ കഴിഞ്ഞിരുന്നില്ല. പ്രതികൾ രക്ഷപ്പെടാതിരിക്കാൻ വീടിന് ചുറ്റും പോലീസ് ആദ്യമേ വളഞ്ഞിരുന്നു. നായ്ക്കളെ തന്ത്രപൂർവം ഒരു മുറിയിൽകയറ്റി പൂട്ടിയ ശേഷമാണ് അകത്തു കടന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷൈനിന് പുറമേ ആറ്റിങ്ങൽ സ്വദേശികളായ രാഹുൽ, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായ മറ്റുള്ളവർ. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും, കഞ്ചാവും, എംഡിഎംഎയും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് പൊതിഞ്ഞ് വില്‍ക്കാനുള്ള പ്രത്യേക ഉപകരണങ്ങളും ത്രാസും പിടികൂടി. വര്‍ക്കലയിലും പരിസരത്തുമുള്ള സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇവര്‍ ലഹരി വില്‍പ്പന നടത്തിയിരുന്നതായാണ് വിവരം.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കോട്ടയം കുമാരനല്ലൂരില്‍ നായ സംരക്ഷണ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ റോബിന്‍ ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. 13 നായ്ക്കളാണ് റോബിന്റെ വീട്ടില്‍ ഉണ്ടായിരുന്നത്. പോലിസിനെ കണ്ടാല്‍ ആക്രമിക്കാന്‍ നായകള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top