ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ലഹരിക്കച്ചവടം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍; 5 ലക്ഷം രൂപ വിലയുള്ള എംഡിഎംഎ പിടിച്ചെടുത്ത് പോലീസ്

കോഴിക്കോട്: കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കുറ്റ്യാടി കക്കട്ടിൽ സ്വദേശികളായ തട്ടാൻകണ്ടി വീട്ടിൽ സിറാജ്, ചേരാപുരം പടിക്കൽ വീട്ടിൽ സജീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ തോട്ടില്‍പാലം ചാത്തന്‍കോട്ട് നടയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. മൈസൂരില്‍ നിന്ന് കൊണ്ടുവന്ന 96.680 ഗ്രാം എംഡിഎംഎ, 9.300 ഗ്രാം കഞ്ചാവ് എന്നിവയാണ് പക്കലുണ്ടായിരുന്നത്. അഞ്ച് ലക്ഷം രൂപയാണ് പിടിച്ചെടുത്ത എംഡിഎംഎയുടെ വില.
ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍- മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടയാളാണ് അറസ്റ്റിലായ സിറാജ്. നിരവധി വധശ്രമക്കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഇയാള്‍ ലഹരിക്കച്ചവടം നടത്തിയിരുന്നത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു സജീര്‍. ലീവിനായി നാട്ടില്‍ എത്തിയ ഇയാള്‍ സിറാജിനോടൊപ്പം ലഹരിമരുന്ന് കച്ചവടത്തില്‍ പങ്കാളിയായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here