നായ വളർത്തലിന്റെ മറവിൽ കഞ്ചാവ് വില്പന; കാക്കി കണ്ടാൽ ആക്രമിക്കാൻ പ്രത്യേക പരിശീലനം, പ്രതി റോബിനെ പിടിക്കാൻ തെരച്ചിൽ ഊർജിതം

കുമാരനല്ലൂർ: നായ വളർത്തലിന്റെ മറവിൽ നടത്തിയ കഞ്ചാവ് വില്പന പോലീസ് പിടികൂടി. പ്രതി റോബിൻ പോലീസിനെ വെട്ടിച്ചു കടന്നു. കഞ്ചാവ് വില്പന നടക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് ഇന്നലെ രാത്രി 10 മണിയോടെയാണ് പോലീസ് പരിശോധനക്കെത്തിയത്. ഇതോടെ നായകളെ അഴിച്ചു വിട്ട ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. കാക്കി കണ്ടാൽ ആക്രമിക്കാൻ തരത്തിലുള്ള പരിശീലനമാണ് നായ്ക്കൾക്ക് നൽകിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
പോലീസിന്റെ ഡോഗ് സ്‌ക്വാഡ് എത്തിയ ശേഷമാണ് പരിശോധന തുടരാൻ സാധിച്ചത്. 18 കിലോ കഞ്ചാവാണ് പിടികൂടിയത് . റോബിനെ പിടിക്കാൻ തെരച്ചിൽ ഉർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.13 പട്ടികളാണ് കേന്ദ്രത്തിലുള്ളത്. പരിശീലനവും നായ്ക്കളുടെ ഡേ കെയറും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നായ വളർത്തലിനെ ചൊല്ലി നാട്ടുകാരുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇയാൾ പ്രദേശവാസി അല്ലെന്നും ആരോടും അടുപ്പമില്ലെന്നും നാട്ടുകാർ പറഞ്ഞു. മുൻപും കഞ്ചാവ് വില്പന സംബന്ധിച്ച് പരാതി ഉണ്ടായിരുന്നെങ്കിലും നായ്ക്കളെ തുറന്നു വിടുന്നതിനാൽ പരിശോധന നടത്താൻ സാധിച്ചിരുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here