തിലകൻ വിശ്വാസത്തെ എതിർത്തില്ല; കമ്യൂണിസ്റ്റ് ആയിരുന്ന അച്ഛൻ്റെ അവസാന കാലം പറഞ്ഞ് ഷോബി
കമ്മ്യൂണിസ്റ്റുകാരനായിരുന്ന നടന്‍ തിലകന്‍ അവസാന നാളുകളില്‍ വിശ്വാസങ്ങളെ എതിര്‍ത്തിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ മകനും നടനും ഡബ്ബിങ് കലാകാരനുമായ ഷോബി തിലകന്‍. ഓച്ചിറയില്‍ ഭജനയ്ക്കായി എത്തിയപ്പോഴാണ് ഷോബി തിലകന്റെ പ്രതികരണം.
കമ്മ്യൂണിസ്റ്റ്കാരനായ അച്ഛന്‍ മരിക്കും വരെ അന്ധവിശ്വാസങ്ങളെ എതിര്‍ത്തിരുന്നു, എന്നാല്‍ അവസാന നാളുകളില്‍ അദ്ദേഹം വിശ്വാസങ്ങളെ എതിര്‍ക്കാത്തതു പോലെ തനിക്ക് തോന്നിയെന്ന് ഷോബി തിലകന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് അച്ഛന്‍ ഒരിക്കലും എതിരല്ലായിരുന്നു. താന്‍ ഒരു ദൈവ വിശ്വാസിയാണെങ്കിലും അന്ധവിശ്വാസിയല്ലെന്നും വളര്‍ന്നത് അത്തരം ഒരു ചുറ്റുപാടിലാണെന്നും ഷോബി പറഞ്ഞു.
എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ എന്ന സ്ഥലത്തെ അമ്മവീട്ടിലാണ് ഷോബിയുടെ കുട്ടികാലം. പരിസരത്ത് ധാരാളം പള്ളികളും ക്ഷേത്രങ്ങളും ഉണ്ടായിരുന്നതിനാല്‍ വിശ്വാസിയായാണ് വളര്‍ന്നത്. ‘ഹിന്ദുമതത്തില്‍ മാത്രമല്ല എല്ലാ മതത്തിലും വിശ്വാസമുണ്ട്. ക്രിസ്ത്യന്‍ പള്ളികളിലും തിരുവനന്തപുരത്ത് വരുമ്പോള്‍ ബീമാപള്ളിയിലും പോകാറുണ്ട്,’ ഷോബി തിലകന്‍ പറഞ്ഞു.
കോവിഡ് കാലത്തെ രണ്ടുവര്‍ഷമൊഴികെ, 2005 മുതല്‍ തുടര്‍ച്ചയായി ഷോബി തിലകനും കുടുംബവും വൃശ്ചികോത്സവ ഭജനയ്ക്കായി ഓച്ചിറയില്‍ എത്തുന്നുണ്ട്. ഇക്കുറി പരമാവധി ദിവസങ്ങള്‍ പരബ്രഹ്‌മത്തിന്റെ മുന്നില്‍ ഭജനമിരിക്കണമെന്ന ആഗ്രഹമുള്ളതിനാല്‍ ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിന്റെ ഡബ്ബിങ് ഓച്ചിറയിലുള്ള സ്റ്റുഡിയോയിലേക്ക് മാറ്റിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ‘കുടുംബവിളക്ക്’, ‘ഭാവന’ എന്നീ സീരിയലുകളിലാണ് ഷോബി ഇപ്പോള്‍ അഭിനയിക്കുന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും അഭിനയതാവ് എന്ന നിലയിലും സിനിമയില്‍ സജീവമാണ് ഷോബി. എന്നാല്‍ സിനിമയില്‍ ഇതുവരെ തനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പാകത്തിലുള്ള കഥാപാത്രങ്ങള്‍ കിട്ടിയെല്ലെന്ന് ഷോബി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കുഞ്ഞുമോഹന്‍ താഹ സംവിധാനം ചെയ്ത ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന ടെലിഫിലിമില്‍ അഭിനയിച്ചുകൊണ്ടാണ് ഷോബി തിലകന്‍ മലയാള ടെലിവിഷന്‍ രംഗത്തേക്ക് ഷോബി വരുന്നത്. പിന്നീട് വിജി തമ്പി സംവിധാനം ചെയ്ത ‘നാരാണത്തു തമ്പുരാ’നില്‍ ബാബുരാജിനു ശബ്ദം നല്‍കികൊണ്ട് സിനിമാ ഡബ്ബിങ്ങിലേക്ക് കടന്നു. അമിതാ ബച്ചന്‍ അടക്കുള്ള നിരവധി താരങ്ങള്‍ക്ക് ഷോബി ശബ്ദം നല്‍കിയിട്ടുണ്ട്. രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന്റെ മലയാളം പകര്‍പ്പില്‍ രാംചരണിന് ശബ്ദം നല്‍കിയത് ഷോബിയാണ്.
അയാള്‍, വെയിലും മഴയും, വരത്തന്‍, കലിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ ശരത്കുമാറിന് ശബ്ദം നല്‍കി. ‘പെന്‍ഡുലം’ ആണ് ഷോബിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശ്രീനാഥ് ഭാസി നായകനാവുന്ന ‘ആസാദി’, ജിത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘റാം’ എന്നീ ചിത്രങ്ങളിലും ഷോബി തിലകന്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രങ്ങളുടെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here