കമല്‍ഹാസന്റെ ‘തഗ് ലൈഫി’ല്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനും ജയം രവിയും പിന്മാറിയെന്ന് റിപ്പോര്‍ട്ട്; മണിരത്‌നം ചിത്രത്തിന് സംഭവിച്ചതെന്ത്?
വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. ഏറെ പ്രതീക്ഷയോടെയാണ് തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെ ഒരു നീണ്ടതാരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നു എന്നാണ് പ്രഖ്യാപന വേളയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദുല്‍ഖര്‍ സല്‍മാനും ജയം രവിയും തഗ് ലൈഫില്‍ നിന്ന് പിന്മാറി എന്നാണ് അറിയുന്നത്. ഇരുവരും വളരെ പ്രധാനപ്പെട്ട വേഷങ്ങളായിരുന്നു കൈകാര്യം ചെയ്യേണ്ടിയിരുന്നത്.
ഡേറ്റുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ കാരണമാണ് ജയം രവി പിന്മാറിയതെന്ന് ട്രേഡ് അനലിസ്റ്റ് കാര്‍ത്തിക് രവിവര്‍മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. തിരക്കേറിയ ഷെഡ്യൂള്‍ കാരണം ദുല്‍ഖര്‍ സല്‍മാന്‍ തഗ് ലൈഫില്‍ നിന്ന് പിന്മാറിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടുതാരങ്ങളുടെയും പിന്മാറ്റം മണിരത്‌നം-കമല്‍ഹാസന്‍ ചിത്രത്തെ എങ്ങനെ ബാധിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ദുല്‍ഖറിന്റെയും ജയം രവിയുടെയും പിന്മാറ്റം സംബന്ധിച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.
36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. തൃഷ, ജോജു ജോര്‍ജ്, അഭിരാമി, നാസര്‍, ഗൗതം കാര്‍ത്തിക്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറില്‍ കമല്‍ഹാസന്‍, ആര്‍ മഹേന്ദ്രന്‍, മണിരത്നം, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍. റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവി. കെ. ചന്ദ്രനാണ്. കമല്‍ഹാസനും മണിരത്‌നവും ചേര്‍ന്നാണ് തഗ് ലൈഫിന് തിരക്കഥയൊരുക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here