നാലു കണ്ടെയ്നർ നിറയെ ‘ഗോൾഡ് ഫ്ലേക്ക്’ വ്യാജൻ കൊച്ചി തുറമുഖത്ത്; 4.5 കോടിയുടെ സിഗരറ്റ് പിടികൂടി കസ്റ്റംസ്; പിന്നിൽ പെരിന്തൽമണ്ണ സംഘം
നികുതി വെട്ടിച്ചുള്ള സിഗരറ്റ് കടത്ത് പിടികൂടാനെത്തിയ കസ്റ്റംസ് സംഘത്തെ അമ്പരപ്പിച്ചത് വ്യാജൻ്റെ വൻ ശേഖരം. നാലു കണ്ടെയ്നെറുകളിലായി 25 ലക്ഷം സിഗരറ്റുകളാണ് കസ്റ്റംസ് സ്പെഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച്, വല്ലാർപാടം തുറമുഖത്ത് നിന്ന് പിടികൂടിയത്. ഉറവിടം ദുബായ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരെണ്ണം 18 രൂപക്ക് കേരളത്തിൽ വിൽക്കുന്ന ഗോൾഡ് ഫ്ലേക്ക് ബ്രാൻഡിൻ്റെ വ്യാജനാണ് പിടിച്ചെടുത്തത്. ഇത് കണക്കിലെടുത്താൽ നാലരക്കോടിയുടെ ഇടപാടാണ് നടക്കാനിരുന്നത്. ദുബായിൽ നാമമാത്ര തുകക്ക് ഉൽപാദിപ്പിക്കുന്നത് ആണിവ. സിഗരറ്റുകൾ വ്യാജമാണെന്ന് ഗോൾഡ് ഫ്ലേക്കിൻ്റെ നിർമാതാക്കളായ ഐ ടി സി (ഇന്ത്യൻ ടുബാക്കോ കമ്പനി) സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നുളള ഫൈസൽ, അസീബ് എന്നിവരുടെ സംഘമാണ് കേരളത്തിൽ വിറ്റഴിക്കാനായി വ്യാജ ഗോൾഡ് ഫ്ലേക്ക് ശേഖരം എത്തിച്ചത്. കഴിഞ്ഞ ദിവസം തുറമുഖത്ത് എത്തിച്ച കണ്ടെയ്നറിൽ നിന്നുള്ള ലോഡ് കളമശേരിയിലെ ഇവരുടെ ഗോഡൌണിലേക്ക് മാറ്റിയിരുന്നു. പിന്നാലെ വീണ്ടും കണ്ടെയ്നറിൽ സിഗരറ്റുകൾ എത്തിയത് തിരിച്ചറിഞ്ഞ് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്തിൻ്റെ വ്യാപ്തി വ്യക്തമായത്. തുടർന്ന് കസ്റ്റംസ് സംഘം ഗോഡൌണിലേക്ക് എത്തുമ്പോഴേക്ക് പ്രതികൾ രണ്ടുപേരും രക്ഷപെട്ടിരുന്നു. ഇവിടെ നിന്ന് പിടിയിലായ ജോലിക്കാർക്കും സ്ഥാപനം നടത്തിപ്പുകാരെ ക്കുറിച്ച് കൃത്യം ധാരണയില്ല.
റോഡ് പണിയാൻ ഉപയോഗിക്കുന്ന ടാർ ഇറക്കുമതി ചെയ്യുന്നതിൻ്റെ മറവിലായിരുന്നു കള്ളക്കടത്ത്. ടാർ നിറച്ചതുപോലെ തന്നെയുള്ള ബാരലുകൾക്ക് ഉള്ളിലാണ് സിഗരറ്റ് കാർട്ടണുകൾ ഒളിപ്പിച്ചിരുന്നത്. ഒറ്റ ബാരലിനുള്ളിൽ 100 കാർട്ടണുകളുണ്ട്. വിശദപരിശോധനക്കായി വല്ലാർപാടത്ത് നിന്ന് മറ്റൊരു ഗോഡൌണിലേക്ക് മാറ്റിയ സിഗരറ്റ് ശേഖരം തെളിവെടുപ്പുകൾക്ക് ശേഷം ഐ ടി സിക്ക് കൈമാറും. വ്യാജൻ പിടികൂടിയാൽ നശിപ്പിക്കാനുള്ള ഉത്തരവാദിത്തം അതാത് ബ്രാൻഡുകൾക്കാണ്. ഇത്ര വലിയ ശേഖരം നശിപ്പിക്കാനായി മാത്രം വൻതുക ചിലവിടേണ്ടി വരും. അതേസമയം നേരത്തെ ചില കള്ളക്കടത്ത് കേസുകളിൽ പിടിയിലായിട്ടുള്ള സംഘം തന്നെയാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here