ഡ്യുറാൻഡ് കപ്പ് മത്സരങ്ങൾ മാറ്റരുതെന്ന് കൊല്‍ക്കത്ത ‘ബിഗ്‌ 3’ ക്ലബുകള്‍; ആവശ്യം ഉന്നയിച്ച് സംയുക്ത വാര്‍ത്താസമ്മേളനം

വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ടതിലുള്ള പ്രതിഷേധം ബംഗാളില്‍ തുടരുമ്പോള്‍ ഡ്യുറാൻഡ് കപ്പ് ഫുട്ബാൾ മത്സരങ്ങൾ കൊൽക്കത്തയിൽനിന്ന് മാറ്റരുതെന്ന ആവശ്യവുമായി ബംഗാളിലെ പ്രമുഖ ഫുട്ബോള്‍ ക്ലബുകള്‍ രംഗത്ത്.

മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് സ്‌പോർട്ടിംഗ് ക്ലബുകളാണ് ഈ ആവശ്യവുമായി സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്. ഡോക്ടറുടെ കൊലപാതകത്തിലുള്ള പ്രക്ഷോഭം രാജ്യമാസകലം വ്യാപിക്കുമ്പോള്‍ തന്നെയാണ് മത്സരങ്ങള്‍ നഗരം വിട്ട് മാറ്റരുതെന്ന ആവശ്യവുമായി പ്രമുഖ ക്ലബുകള്‍ ഒന്നിച്ച് രംഗത്തുവന്നത്. ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ മത്സരങ്ങള്‍ കൽക്കട്ടയിൽ നടത്തണമെന്നാണ് ഞങ്ങളുടെ അഭ്യർത്ഥന-ക്ലബുകള്‍ വ്യക്തമാക്കി.

സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നഗരത്തിൽ നടക്കുമെന്നാണ് ഡ്യുറാൻഡ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചത്. ക്വാർട്ടർ ഫൈനൽ കൊൽക്കത്തയിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. അവസാന ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ ഇന്ന് കൊക്രജാറിലും ഷില്ലോങ്ങിലുമായി നടക്കുകയാണ്.

പ്രക്ഷോഭം കനത്തതിനെ തുടര്‍ന്ന് ഡ്യുറാൻഡ് കപ്പിലെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരം റദ്ദാക്കിയിരുന്നു. ഇതിനെതിരെ രംഗത്തുവന്ന ക്ലബ് ആരാധകര്‍ ഡോക്ടര്‍മാരുടെ സമരത്തിനെ പിന്തുണച്ചും പ്രതിഷേധം നടത്തിയിരുന്നു. കൊൽക്കത്ത ഫുട്ബോൾ ഡിവിഷൻ ലീഗ് മത്സരങ്ങളിലും ആർജി കർ മെഡിക്കല്‍ കോളജ് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച റെയിൻബോ എസിയെ ഈസ്റ്റ് ബംഗാള്‍ 2-0ന് തോൽപ്പിച്ച മത്സരത്തില്‍ ചില ഈസ്റ്റ് ബംഗാൾ കളിക്കാർ “ആർജി കര്‍ പ്രശ്നത്തില്‍ ഞങ്ങള്‍ക്ക് നീതി വേണം” എന്ന സന്ദേശം ക്ലബ് ജഴ്സിയിൽ എഴുതി പ്രദർശിപ്പിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കളിക്കാരുടെ ജഴ്സിയില്‍ ഒന്നും പ്രദര്‍ശിപ്പക്കരുത് എന്നാണ് ഫിഫ നിയമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top