ബംഗാളി തടവുകാർ കേരളത്തിലെ ജയിൽ കൊതിയ്ക്കും; അവിടെ നവരാത്രിക്ക് മാത്രം മട്ടനും ചിക്കനും വിളമ്പാൻ തീരുമാനം

ജയിൽശിക്ഷ കഴിഞ്ഞിറങ്ങുന്ന ചില തടവുകാരെ കണ്ട് പുറത്തുള്ളവർ അസൂയപ്പെടുന്ന സാഹചര്യം കേരളത്തിൽ അല്ലാതെ അധികം സംസ്ഥാനങ്ങളിൽ ഉണ്ടാകില്ല. അതിനു കാരണം ഇവിടുത്തെ ജയിലുകളിലെ ഭക്ഷണം ആണ്. വർഷം മുഴുവൻ ചിക്കനും മീനും മട്ടനും കഴിക്കാൻ യോഗമുള്ളവരാണ് കേരളത്തിലെ തടവുകാർ. പുറത്ത് ജീവിക്കുന്ന ശരാശരി മലയാളിയേക്കാൾ തടവുകാർക്ക് ആരോഗ്യം ഉണ്ടാകും എന്നാണ് പൊതുധാരണ.

ഇക്കാരണം കൊണ്ട് തന്നെയാണ് പശ്ചിമ ബംഗാൾ ജയിലിലെ തടവുകാരുടെ നവരാത്രി ആഘോഷം വാർത്തയാകുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ജയിൽ പുള്ളികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കാനുള്ള അവസരമൊരുക്കുകയാണ് പശ്ചിമ ബംഗാളിലെ കറക്ഷണൽ ഹോം അധികൃതർ. മട്ടൺ ബിരിയാണി, ബസന്തി പുലാവ് അടക്കം നിരവധി വിഭവങ്ങളാണ് തടവുകാർക്ക് നൽകാനായി പദ്ധതിയിട്ടിട്ടുള്ളതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

നവരാത്രി ആഘോഷങ്ങളുടെ തുടക്കമായ ഒക്‌ടോബർ 9 മുതൽ ഒക്‌ടോബർ 12 വരെ തടവുകാരുടെയും വിചാരണ തടവുകാരുടെയും ഉച്ചഭക്ഷണത്തിലും അത്താഴത്തിലുമാണ് മാറ്റം വരുത്തുന്നത്. എല്ലാ ഉത്സവകാലത്തും നല്ല ഭക്ഷണത്തിനായി തടവുകാരിൽനിന്നും അഭ്യർത്ഥനകൾ തങ്ങൾക്ക് ലഭിക്കാറുണ്ടെന്നും ഇത്തവണയും അവർ നൽകിയ മെനുവിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷണങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

മലബാർ സ്പിനച്, പൂരിയും ബംഗാളി ചന ദാലും, മട്ടൺ ബിരിയാണി, ചിക്കൻ കറി അടക്കം വിഭവങ്ങളുടെ വലിയൊരു നിര തന്നെയാണ് തടവുകാർക്ക് വിളമ്പാൻ അധികൃതർ തീരുമാനിച്ചിട്ടുള്ളത്. തടവുകാരുടെ മതവികാരം കണക്കിലെടുത്ത് എല്ലാവർക്കും നോൺ വെജിറ്റേറിയൻ ഭക്ഷണം നൽകില്ലെന്നും തടവുകാരോട് ഇനങ്ങൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സംസ്ഥാനത്തെ 59 കറക്ഷണൽ ഹോമുകളിലായി 26,994 പുരുഷന്മാരും 1,778 സ്ത്രീകളും ഇപ്പോൾ താമസിക്കുന്നുണ്ട്. ഇവർക്കെല്ലാം നവരാത്രി ആഘോഷ ദിവസങ്ങളിൽ വ്യത്യസ്ത രുചികളോടു കൂടിയ ഭക്ഷണം വയർ നിറയെ ആസ്വദിക്കാനാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top