ചെവിയടിച്ചുള്ള അടിയില്‍ ഡയഫ്രം തകര്‍ന്നെന്ന് എസ്ഐ സന്തോഷ്; പോലീസിനെ ആക്രമിച്ച ഡിവൈഎഫ്ഐക്കാര്‍ റിമാന്‍ഡില്‍; സ്കൂള്‍ കുട്ടികളും ഓട്ടോക്കാരും തമ്മിലടിച്ചതില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത് മൂന്ന് കേസുകള്‍

കോട്ടയം: അപ്രതീക്ഷിതമായ ആക്രമണമാണ് തനിക്ക് നേരെ നടന്നതെന്ന് കുറവിലങ്ങാട് എസ്ഐ കെ.വി.സന്തോഷ്‌. ഉഴവൂര്‍ ടൗണില്‍ വെച്ച് തനിക്കെതിരെ നടന്ന ഡിവൈഎഫ്ഐ ആക്രമണത്തെക്കുറിച്ച് മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിക്കുകയായിരുന്നു എസ്ഐ.

“കുട്ടികളും ഓട്ടോ ഡ്രൈവര്‍മാരും തമ്മിലടിക്കുന്നുവെന്നാണ് വിവരം ലഭിച്ചത്. ഞാനും എസ്ഐ ലത്തീഫും കൂടിയാണ് ഉഴവൂര്‍ ടൗണിലേക്ക് പോയത്. ഞങ്ങള്‍ കുട്ടികളെ മാറ്റി റോഡിലെ മാര്‍ഗതടസം ഒഴിവാക്കി. ജനമൈത്രി സംഘത്തിലുള്ളതിനാല്‍ അവരെയൊക്കെ തന്നെ പരിചയമുണ്ടായിരുന്നു. ചെവി പൊട്ടുന്ന ചീത്തയാണ് കേട്ടത്. തൊട്ട് പിന്നാലെ ചെവിയടച്ചുള്ള അടിയും. റോഡിലേക്ക് തെറിച്ചു വീണുപോയി. ആക്രമണത്തില്‍ ചെവിയുടെ ഡയഫ്രം തകര്‍ന്നിട്ടുണ്ട്. കുറച്ചുകാലം ചികിത്സ വേണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.”-സന്തോഷ്‌ പറഞ്ഞു. മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്ക് ശേഷം വൈക്കത്തെ വീട്ടില്‍ വിശ്രമത്തിലാണ് എസ്ഐ.

കുറവിലങ്ങാട് എസ്ഐയ്ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പാലാ സ്വദേശികളായ അനന്തു തങ്കച്ചന്‍, ആദര്‍ശ്, അനന്തു ഷാജി എന്നിവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഉഴവൂര്‍ സ്കൂളിലെ കുട്ടികളും നാട്ടുകാരും ഉഴവൂര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സംഭവം അറിഞ്ഞെത്തിയ എസ്ഐ കെ.വി.സന്തോഷിനു നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ‘ജീവന്‍രക്ഷാപ്രവര്‍ത്തനം’ നടത്തുകയായിരുന്നു.

കുട്ടികള്‍ക്ക് പിന്തുണയുമായി എത്തിയവരാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട ഡിവൈഎഫ്ഐക്കാര്‍ എസ്ഐയുടെ കോളറിനു കയറിപ്പിടിക്കുകയും മുഖത്തടിച്ച് നിലത്തിടുകയായിരുന്നു. ചെവിയുടെ ഡയഫ്രം തകര്‍ന്ന എസ്ഐ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ കുറവിലങ്ങാട് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉഴവൂര്‍ ടൗണില്‍ സ്കൂള്‍ കുട്ടികളും ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ ഏറ്റുമുട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഏറ്റുമുട്ടല്‍ നടക്കുന്ന സമയം കുട്ടികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സഹായം തേടി. ഈ സമയം തന്നെ നാട്ടുകാര്‍ പോലീസിലും വിളിച്ചു പറഞ്ഞു. എസ്ഐ കെ.വി.സന്തോഷ് ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ നിന്നും എത്തിയത്.

ഇരുകൂട്ടരേയും പിന്തിരിപ്പിക്കാനുള്ള പോലീസ് ശ്രമത്തിനിടയിലാണ് ഡിവൈഎഫ്ഐ സംഘം എത്തിയത്. കുട്ടികളെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് എസ്ഐയോട് കയര്‍ത്തതും അടിച്ച് നിലത്തിട്ടതും. മര്‍ദ്ദിച്ച സംഘത്തിലെ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നേരെയുള്ള അന്വേഷണം പോലീസ് തുടരുകയാണ്.

എസ്ഐ സന്തോഷിന്റെ പരാതിയിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. ഒരാള്‍ കോളറിനു പിടിച്ച് നിര്‍ത്തിയപ്പോള്‍ രണ്ട് പേര്‍ മുഖത്തും ചെകിടത്തും അടിച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്.

സാബു മാത്യു, സ്റ്റീഫന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ എഫ്ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഉഴവൂര്‍ സ്കൂളിലെ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ക്ക് എതിരെയാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.

സ്കൂള്‍ വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് മറ്റൊരു കേസെടുത്തത്. സാജന്‍, കപ്പലുമക്കിയില്‍ സാബു, തോട്ടാണിയില്‍ സ്റ്റീഫന്‍ ലൂക്കോസ്, സുധിക്കുട്ടന്‍ എന്ന ഓട്ടോയുടെ ഡ്രൈവര്‍ എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. പരാതിക്കാരന്‍, സുഹൃത്തുക്കള്‍ എന്നിവരെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും ആയുധം കൊണ്ട് ആക്രമണം നടത്തുകയും ചെയ്തു എന്നാണ് എഫ്ഐആറില്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top