ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ; വാഗ്ദാനം ചെയ്തത് കേന്ദ്ര-സംസ്ഥാന സർക്കാർ പോസ്റ്റുകൾ

 

ജോലി തട്ടിപ്പുകേസിൽ ഡിവൈഎഫ്ഐ വനിതാ നേതാവ് അറസ്റ്റിൽ. സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം തട്ടിയ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി മുൻ അംഗം സച്ചിത റൈ ആണ് അറസ്റ്റിലായത്. മൂന്ന് കോടിയോളം രൂപ ഇവർ വിവിധ ആളുകളിൽ നിന്നും കൈപ്പറ്റിയിട്ടുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം. 

മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയായ സച്ചിത റൈ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് പിടിയിലായത്. അഭിഭാഷകൻ്റെ ഓഫീസിൽ വച്ചായിരുന്നു അറസ്റ്റ്. നേരത്തെ ഡിവൈഎഫ്ഐ നേതാവിൻ്റെ മൂൻകൂർ ജാമ്യാപേക്ഷ കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍‍സ് കോടതി തള്ളിയിരുന്നു. തുടർന്ന് ഭരണതലത്തിലെ സ്വാധീനം മൂലമാണ് പോലീസ് അറസ്റ്റ് ചെയ്യാത്തത് എന്ന വിമർശനം ശക്തമാകുമ്പോഴാണ് അറസ്റ്റ്.

കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ അടക്കം ജോലി വാങ്ങി നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ഭരണപ്പാർട്ടിയിലെ യുവജന നേതാവെന്ന നിലയിൽ വിശ്വാസ്യത നേടിയാണ് ഇവർ ആളുകളെ വലയിലാക്കിയത്. പതിനൊന്ന് കേസുകളാണ് സച്ചിതക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് പലരിൽ നിന്നും തട്ടിയെടുത്തതായിട്ടാണ്  പരാതികൾ. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍, കര്‍ണാടക എക്സൈസില്‍ ക്ലര്‍ക്ക്, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി എന്നിങ്ങനെയാണ് സച്ചിത നൽകിയ വാഗ്ദാനങ്ങൾ. 

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top