കോർപറേറ്റ് മേഖലയിലെ മരണങ്ങളെക്കുറിച്ച് 2018ലിറങ്ങിയ ‘ഡയിംഗ് ഫോർ എ പേചെക്ക്’ വീണ്ടും ചർച്ചയിൽ; EY ജീവനക്കാരി അന്നയുടെ മരണം പാഠമാകണം

കോർപറേറ്റ് കമ്പനികളിലെ അമിത ജോലിഭാരവും സമ്മർദ്ദവും നിമിത്തം ചെറുപ്പക്കാർ മരിച്ചു വീഴുന്നതിനെതിരെ പ്രതിഷേധങ്ങളും പഠനങ്ങളും ലോക വ്യാപകമായി നടക്കുന്നുണ്ട്. പൂനെയിൽ ഏണസ്റ്റ് ആൻ്റ് യങ് (ഇ വൈ) കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടൻ്റായി ജോലി ചെയ്തിരുന്ന മലയാളിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ എന്ന 26കാരിയുടെ അകാലമരണം അമിത ജോലിഭാരം നിമിത്തമാണെന്ന വസ്തുത വലിയ വിവാദമായിരിക്കുകയാണ്.

കോർപറേറ്റ് സ്ഥാപനങ്ങളിലെ മനുഷ്യത്വ രഹിതമായ ഇത്തരം തൊഴിൽ സംസ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ജെഫ്രി ഫെഫർ (Jeffrey Pfeffer) എഴുതിയ ‘ഡയിംഗ് ഫോർ എ പേചെക്ക്’ ( Dying for a Paycheck) എന്ന പുസ്തകം ചെറുപ്പക്കാര്‍ക്കിടയില്‍ വൈറലാണ്.

2018ൽ പുറത്തിറങ്ങിയ ഈ പുസ്തകം കോർപറേറ്റ് സ്ഥാപനങ്ങളിലെ നെറികെട്ട തൊഴിൽ സംസ്കാരത്തെ തുറന്ന് കാട്ടുന്നതാണ്. ജീവനക്കാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതിന് പുറമേ അവരുടെ ആരോഗ്യപരവും വൈകാരികവുമായ ആവശ്യങ്ങൾ പോലും കമ്പനികള്‍ പരിഗണിക്കാറില്ല. കൂടുതൽ ലാഭവും പരമാവധി വരുമാനവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനികൾ ജീവനക്കാർക്ക് മേൽ അമിത സമ്മർദ്ദവും ജോലിഭാരവും അടിച്ചേല്പിക്കുന്നതെന്ന് ജെഫ്രി കുറ്റപ്പെടുത്തുന്നുണ്ട്. സർക്കാരുകൾ ഈ യാഥാർത്ഥ്യങ്ങൾ മിക്കപ്പോഴും അവഗണിക്കുകയാണെന്നും പുസ്തകത്തിലുണ്ട്.

സ്റ്റാൻഫോർഡ് ബിസിനസ് സ്കൂളിലെ ബിഹേവിയറൽ വിഭാഗത്തിലെ അധ്യാപകനെന്ന നിലയിൽ കോർപറേറ്റ് മേഖലയിലെ ജീവനക്കാരുടെ ദുരവസ്ഥയെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകരചന നടത്തിയത്. അമിത ജോലിഭാരം നിമിത്തമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ കുടുംബ ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളും വ്യക്തിബന്ധങ്ങളിലെ ഏറ്റുമുട്ടലുകളും പതിവാണ്. ജോലിസ്ഥലത്തെ സമ്മർദ്ദം മൂലം മരിക്കുന്നവരുടെ എണ്ണം ലോകവ്യാപകമായി വർധിക്കുകയാണെന്നും ജെഫ്രി ഈ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

എങ്ങനെയെങ്കിലും മെച്ചപ്പെട്ട ജീവിതവും കരിയറും ഉണ്ടാക്കണമെന്ന ഏക ലക്ഷ്യത്തിലാണ് ഭൂരിപക്ഷം പേരും അമിത ജോലിഭാരം ഏറ്റെടുക്കാൻ നിർബന്ധിക്കപ്പെടുന്നത്. സമ്മർദ്ദത്തിന് അടിപ്പെടുന്ന ജീവനക്കാരിൽ ജീവിതശൈലി രോഗങ്ങളും ഹൃദ്രോഗങ്ങളും വർദ്ധിക്കുന്നുവെന്നാണ് പുസ്തകത്തിൽ വിവരിക്കുന്നത്. ജീവനക്കാരുടെ അമിത സമ്മർദ്ദം നിമിത്തം പ്രതിവർഷം 300 ബില്യൺ ഡോളറിൻ്റെ സാമ്പത്തിക നഷ്ടം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകുന്നുണ്ടെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രസിൻ്റെ പഠനം വ്യക്തമാക്കുന്നുണ്ട്.

ജീവനക്കാരുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുന്നതും, അന്യായമായ പിരിച്ചുവിടൽ ഭീഷണിയുമെല്ലാം തൊഴിൽ മേഖലയിൽ അരാജകത്വവും അസ്ഥിരതയും സൃഷ്ടിക്കുന്നുണ്ട്. സംതൃപ്തമായ തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കാൻ സർക്കാരിനും തൊഴിലുടമകൾക്കും ജീവനക്കാർക്കും ബാധ്യതയുണ്ട്. ആ സംസ്കാരം ഉണ്ടാവുന്നില്ലെങ്കിൽ സമ്മര്‍ദ്ദം നിമിത്തം തൊഴിൽ മേഖലകളിലെ മരണനിരക്ക് കൂടുമെന്ന് ജെഫ്രി മുന്നറിയിപ്പ് നൽകുന്നു.

കോർപറേറ്റ് മേഖലയിലെ അനീതിയുടെ ഒടുവിലത്തെ ഇരയാണ് അന്ന സെബാസ്റ്റ്യൻ പേരയിൽ. പൂനെയിൽ ഏണസ്റ്റ് ആൻ്റ് യങിൽ (ഇവൈ) ജോലി ചെയ്തിരുന്ന അന്നയുടെ മരണത്തിന് കാരണം അമിത ജോലിഭാരവും സമ്മർദ്ദവുമാണെന്ന് തെളിഞ്ഞു. കേന്ദ്ര സർക്കാർ അന്നയുടെ മരണത്തിൽ ഇടപെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവൈയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകിയിട്ടുണ്ട്. അന്ന സെബാസ്റ്റ്യന്‍റെ അമ്മ അനിത അഗസ്റ്റിൻ കമ്പനി മേധാവിക്ക് അയച്ച വൈകാരികമായ കത്ത് വലിയ ചർച്ചയായതിന് പിന്നാലെ ആണ് ഇവൈയുടെ പ്രതികരണം.

26കാരിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 21നാണ് മരിച്ചത്. മകളുടെ മരണം ജോലിഭാരം മൂലമാണ് സംഭവിച്ചതെന്നും കടുത്ത സമ്മർദം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അച്ഛൻ സിബി ജോസഫ് ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top