പൂരം അട്ടിമറിയിൽ റിപ്പോർട്ട് നൽകാത്തത് പ്രശ്നമല്ല; വിവരം പുറത്തറിയിച്ച ഡിവൈഎസ്പിക്ക് തിടുക്കത്തിൽ സസ്പെൻഷൻ

മുൻപെങ്ങും ഉണ്ടാകാത്ത വിധമുള്ള പോലീസ് ഇടപെടലാണ് ഇത്തവണ തൃശൂർ പൂരം അലങ്കോലമാകാൻ ഇടയാക്കിയത്. പ്രഥമദൃഷ്ട്യാ ഇക്കാര്യം വ്യക്തമായതിൻ്റെ അടിസ്ഥാനത്തിലാണ് ഉടനടി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഡിജിപിയെ ഏൽപിച്ച അന്വേഷണത്തിനായി അദ്ദേഹം എഡിജിപി എംആർ അജിത് കുമാറിനെ നിയോഗിച്ചുവെന്ന വാർത്തകൾ അന്ന് തന്നെ പുറത്തുവന്നതാണ്. ഇക്കാര്യം പരിഗണിക്കാതെ വേണ്ടത്ര ജാഗ്രതയില്ലാതെ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകി എന്നതിൻ്റെ പേരിലാണ് പോലീസ് ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായ ഡിവൈഎസ്പി എംഎസ് സന്തോഷിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് സസ്പെൻഡ് ചെയ്തുകൊണ്ട് വൈകിട്ടോടെ ഉത്തരവിറങ്ങിയത്.

ഡിജിപിയെ അന്വേഷണത്തിന് നിയോഗിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവുണ്ടായിരുന്നു. അതിന്മേൽ പ്രത്യേക ഫയൽ തന്നെ പോലീസ് ആസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെ അത്തരമൊരു അന്വേഷണവും നടക്കുന്നില്ല എന്ന മറുപടിയാണ് വിവരാവകാശ അപേക്ഷക്ക് നൽകിയത്. ഈ അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ ഡിജിപി നിയോഗിച്ചതായുള്ള വിവരവും ഇതേ ഫയലിൽ ഉണ്ടായിരുന്നു. ഇതും വേണ്ടവിധം പരിശോധിക്കാതെ അപേക്ഷ തൃശൂർ കമ്മിഷണറുടെ ഓഫീസിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അവിടെ അതിന്മേൽ അന്വേഷണം നടക്കുന്നില്ല എന്ന വസ്തുത അവിടെ നിന്ന് മറുപടിയായി നൽകി.

ഈ വിവരങ്ങൾ പുറത്തുവന്ന് സർക്കാരും മുഖ്യമന്ത്രിയും കടുത്ത പ്രതിരോധത്തിലായി. പൂരം അലങ്കോലമായ വിഷയത്തിൽ ആദ്യം മുതലേ കടുത്ത രോഷത്തിൽ കഴിയുന്ന സിപിഐ അടക്കമുള്ളവർ ഇത് ഏറ്റുപിടിച്ചതോടെയാണ് തിടുക്കത്തിൽശൂർ ഒറ്റ ദിവസം കൊണ്ട് അന്വേഷണം നടത്തി ഡിവൈഎസ്പി വീഴ്ച വരുത്തിയതായി സ്ഥിരീകരിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. അതേസമയം അഞ്ചുമാസം ആയിട്ടും തൃശൂർ പൂരം അലങ്കോലമാക്കിയതിൽ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാത്തതിൽ സർക്കാരിന് പരാതിയില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെച്ചൊല്ലി ഇത്രയധികം സംശയങ്ങളും ചോദ്യങ്ങളും ഉയർന്ന ഇന്നുപോലും ഈ റിപ്പോർട്ട് സർക്കാരിലേക്ക് എത്തിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top