ആമസോണിന് പിഴയടിച്ച് ഉപഭോക്തൃ കോടതി; ഓഫറില്‍ വാങ്ങിയ ടിവി കോടതികയറിയിട്ടും മറുപടിയില്ലാതെ കമ്പനി

കൊച്ചി: ഓഫര്‍ വില്‍പ്പനനയില്‍ വാങ്ങിയ ടെലിവിഷന്‍ ഒരു തവണ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ഉപഭോക്താവിന്, റിപ്പയര്‍ ചെയ്തു നല്‍കാനോ പണം മടക്കി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഓൺലൈനിന് പിഴയിട്ട് ഉപഭോക്തൃ കോടതി. എറണാകുളം അയ്യപ്പന്‍കാവ് സ്വദേശി അനീഷ് ടി.യു. ആമസോണ്‍ ഓണ്‍ലൈന്‍, ക്ലൗഡ് ടെയില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ നടപടി. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ നടപടി അധാര്‍മികമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വ്യക്തമാക്കി.
ഓണ്‍ലൈനില്‍ വന്‍ ആദായ വില്‍പ്പന പരസ്യം കണ്ടാണ് പരാതിക്കാരനായ അനീഷ് 49,990 രൂപ വിലയുള്ള പാനസോണിക് 147 സെന്റിമീറ്റര്‍ ഫുള്‍ എച്ച്ഡി-എല്‍ഇഡി ടിവി വാങ്ങിയത്. പെട്ടി തുറന്ന് ഘടിപ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ടിവി തകരാറിലായിരുന്നു. ഇക്കാര്യം പരാതിക്കാരന്‍ എതിര്‍കക്ഷികളെ രേഖാമൂലം അറിയിച്ചെങ്കിലും ടിവി റിപ്പയര്‍ ചെയ്യാനോ വില തിരിച്ചു നല്‍കാനോ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അനീഷ് കോടതിയെ സമീപിച്ചത്. അനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നോട്ടീസ് അയച്ചെങ്കിലും സ്ഥാപനം മറുപടി നല്‍കുകയോ കോടയിതില്‍ ഹാജരാകുകയോ ചെയ്തില്ല.
ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ നടപടിയെ വിമര്‍ശിച്ച കോടതി, ടിവിയുടെ വിലയായ 49990 രൂപയും നഷ്ടപരിഹാരം, കോടതി ചിലവ് ഇനത്തില്‍ 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് ഉത്തരവിട്ടു. പ്രസിഡന്റ് ഡി. ബി. ബിനു, മെമ്പര്‍മാരായ വി.രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന്റേതാണ് ഉത്തരവ്. അഡ്വ. ടി. ഒ. സേവ്യറാണ് പരാതിക്കാരന് വേണ്ടി ഹാജരായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here