ഊരാക്കുടുക്കിലായ ഇ- നിയമസഭ, കരാർ വ്യവസ്ഥകൾ പാലിക്കാതെ ഊരാളുങ്കൽ, 15 മാസത്തിൽ തീരേണ്ട പണി നാലു കൊല്ലമായിട്ടും എങ്ങുമെത്താതെ
തിരുവനന്തപുരം: പണിതിട്ടും പണിതിട്ടും പണി തീരാതെ ഇ- നിയമസഭ. 15 മാസം കൊണ്ട് പൂർത്തിയാകാമെന്ന ഉറപ്പിൽ ആരംഭിച്ച ഇ- നിയമസഭ പദ്ധതി നാലു കൊല്ലമായിട്ടും എങ്ങും എത്തുന്നില്ല. ഊരാളുങ്കൽ സൊസൈറ്റിയാണ് കരാറുകാർ.
കരാർ കാലാവധി ആറു തവണ നീട്ടി കൊടുത്തിട്ടും പണി പൂർത്തിയാക്കിയിട്ടില്ല. അവസാന കാലാവധി സെപ്തംബർ 30 ആയിരുന്നു. ഇനി എത്ര തവണ നീട്ടി കൊടുക്കേണ്ടി വരുമെന്ന് നിയമസഭ സെക്രട്ടറിയേറ്റിനു ഒരു പിടിത്തവും ഇല്ല. പദ്ധതി വൈകിയാൽ കരാറുകാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥപോലും ഇല്ലാതെയാണ് ഊരാളുങ്കലിനെ ഈ പണി ഏല്പിച്ചത്. ആകെ 52 കോടി രൂപ അടങ്കലായി നിശ്ചയിച്ചു, 13 കോടി രൂപ അഡ്വാൻസ് ആയി നൽകി. നിയമ സഭയിലെ എല്ലാ നടപടി ക്രമങ്ങളും ഓൺലൈൻ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പി ശ്രീരാമകൃഷണൻ സ്‌പീക്കറായിരുന്ന കാലത്ത് ഊരാളുങ്കലിന് കരാർ നൽകിയത്.
11 കോടി രൂപ മുടക്കി കമ്പ്യൂട്ടർ അടക്കം ഹാർഡ് വെയറുകൾ വാങ്ങിക്കൂട്ടിയതിനൊപ്പം എംഎൽഎമാർക്ക് ടാബ് ലെറ്റുകളും വാങ്ങി നൽകാൻ 58 ലക്ഷം രൂപയും ചെലവിട്ടു. പല ഉപകരണങ്ങളുടെയും വാറന്റി പിരിയഡും കഴിഞ്ഞു. നിലവിൽ അനുവദിച്ചിട്ടുള്ള കരാർ കാലാവധിക്കുള്ളിൽ ഈ നിയമസഭാ സോഫ്റ്റ്‌വെയർ രൂപീകരണം പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന് ഊരാളുങ്കൽ സൊസൈറ്റി രേഖാ മൂലം അറിയിച്ചിട്ടില്ലെന്നാണ് കെപിസിസി സെക്രട്ടറി അഡ്വ. പ്രാണകുമാറിനെ വിവരാവകാശ നിയമ പ്രകാരം അറിയിച്ചിരിക്കുന്നത്.
ഇ- നിയമസഭാ പദ്ധതിയുടെ ഭാഗമായി15-ാം കേരള നിയമസഭയിലെ എല്ലാ അംഗങ്ങൾക്കും ടാബ് ലെറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിനായി സമാജികർക്ക് പരിശീലനവും നൽകിയെങ്കിലും മിക്ക അംഗങ്ങളും പേപ്പറിന്റെയും ബുക്കുകളുടെയും സഹായത്തോടെയാണ് സഭാ നടപടികളിൽ പങ്കെടുക്കുന്നത്. കരാർ കാലാവധി ഇന്നവസാനിച്ചിട്ടും നീട്ടി നൽകുന്ന കാര്യത്തിൽ നിയമസഭാ സെക്രട്ടറിയേറ്റ് വ്യക്തത വരുത്തിയിട്ടില്ല. ഈ രംഗത്ത് വേണ്ടത്ര മുൻ പരിചയമോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാത്ത കമ്പനിക്കാണ് കരാർ നൽകിയത്.
ഇ- നിയമസഭാ പദ്ധതിയുമായി ബന്ധപ്പെട്ട് പലതരം കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും സമയബന്ധിതമായി പണി പൂർത്തിയാക്കാൻ ഈ കമ്മറ്റികൾ ഒന്നും താല്പര്യം കാണിച്ചിട്ടില്ലെന്നാണ് വിവരവകാശ രേഖകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here