സ്പീക്കറുടെ നീക്കം പാളി; ഇ-നിയമസഭ കരാർ ഊരാളുങ്കലിന് തന്നെ; തീരുമാനം മുഖ്യമന്ത്രിയുടേത്
തിരുവനന്തപുരം: നിയമസഭാ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യാനുള്ള പദ്ധതിയുടെ കരാർ ( ഇ-നിയമസഭ ) ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ നിന്നും മാറ്റാനുള്ള സ്പീക്കർ എ.എൻ. ഷംസീറിൻ്റെ നീക്കം പാളി. 52 കോടിയുടെ കരാർ ഏഴ് തവണ നീട്ടി നൽകിയിട്ടും പദ്ധതി പൂര്‍ത്തീകരിക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ഊരാളുങ്കലിനെ മാറ്റണം എന്നാവശ്യപ്പെട്ട് ഒക്ടോബർ 18-ന് സ്പീക്കർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. എന്നാൽ സ്പീക്കറുടെ നിർദേശം മറികടന്ന് ഊരാളുങ്കലിന് മൂന്ന് മാസം കൂടി മുഖ്യമന്ത്രി പിണറായി വിജയൻ സമയം നീട്ടി നൽകി. ഈ സമയം കരാറിൽ നിന്നൊഴിവാക്കിയാൽ ഊരാളുങ്കലിന് നാണക്കേടുണ്ടാകുമെന്ന വിലയിരുത്തലിലാണ് സമയം നീട്ടിയതെന്നാണ് സൂചനകൾ.
ഐടി വകുപ്പിൻ്റെ സഹായത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. അതിനായി ഐടി സെക്രട്ടറി അധ്യക്ഷനായി വിദഗ്ധ സമിതിയെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു(GO(Rt)No. 223/2023/ITD Dated 20.10.23). ഐടി സെക്രട്ടറി, ഐകെഎം ഡെപ്യൂട്ടി ഡയറക്ടര്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഐടി മിഷന്‍, എൻഐസി, സിഡാക് എന്നിവയുടെ പ്രതിനിധികളെയാണ് സമിതിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇ- നിയമസഭ പദ്ധതിക്കായി ഇതുവരെ ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് നൽകിയത് 32 കോടി രൂപയാണ്. 2020-ൽ പൂർത്തിയാക്കേണ്ട പദ്ധതിയുടെ 25 ശതമാനം പോലും ഇതുവരെ ചെയ്തുതീർക്കാനായിട്ടില്ല. അവസാനമായി ദീര്‍ഘിപ്പിച്ചു നല്‍കിയ കരാര്‍ കാലാവധി 2023 നവംബര്‍ 30-ന് അവസാനിച്ചിരുന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ ഏഴ് തവണ സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടും പദ്ധതി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്പീക്കർ കരാറുകാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. സ്പീക്കറുടെ ഓഫീസില്‍ നിന്നുള്ള 18-10-23 ലെ 5976/OS A/23 നമ്പര്‍ കത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സമിതിയെ നിയോഗിച്ചതെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
മൊബിലൈസെഷന്‍ അഡ്വാന്‍സായി പദ്ധതിയുടെ 25 ശതമാനം വരുന്ന 13,59,56,354 രൂപ ഊരാളുങ്കലിന് നൽകിയിരുന്നു. പദ്ധതിക്കായി ഹാർഡ്വെയർ വാങ്ങുന്നതിനായും 11 കോടിയോളം രൂപ ( 10,95,91,921) ചിലവഴിച്ചു. മൂന്ന് വര്‍ഷമായിട്ടും പദ്ധതിക്കാവശ്യമായ സോഫ്റ്റ്‌വെയര്‍ ഇതുവരെ നിര്‍മിച്ചിട്ടില്ല. വാങ്ങിയ ഹാർഡ്വെയർ ഉല്‍പ്പന്നങ്ങളുടെ വാറണ്ടി കലാവധി ഉടൻ അവസാനിക്കും. അങ്ങനെ വന്നാൽ സർക്കാരിന് വൻ നഷ്ടമായിരിക്കും പദ്ധതിയുടെ ഭാഗമായി ഉണ്ടാകാന്‍ പോകുന്നത് . ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് കരാറില്‍ യാതൊരു വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here