കേരളത്തിലെ വ്യവസായ അന്തരീക്ഷം പഴയ പടി തന്നെ; സിഐടിയുവിന്റെ വിപ്ലവ പ്രവര്‍ത്തനത്തില്‍ സിമന്റ് കട പൂട്ടലിന്റെ വക്കില്‍

ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞ് സര്‍ക്കാരും സിപിഎമ്മും ആവേശം കൊള്ളുമ്പോഴും ‘ഈസിയായി’ ബിസിനസ് നടത്താന്‍ അനുവദിക്കാതെ കടയ്ക്കു മുന്നില്‍ കുടില്‍ കെട്ടി സമരം ചെയ്യുകയാണ് സിഐടിയു തൊഴിലാളികള്‍. എത്രയൊക്കെ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നടത്തിയാലും ഭരണകക്ഷിയായ സിപിഎമ്മും അവരുടെ തൊഴിലാളി സംഘടനയും പിന്‍തുടരുന്ന സംരംഭക വിരുദ്ധ മനോഭാവത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് പാലക്കാട് കുളപ്പുള്ളിയിലെ വ്യാപാരി ജയപ്രകാശിന് നേരിടേണ്ടി വന്ന ദുരവസ്ഥ ചൂണ്ടിക്കാണിക്കുന്നത്.
ലോറിയില്‍ നിന്നു ചാക്കുകള്‍ ഇറക്കാനുള്ള യന്ത്രവും ഹൈക്കോടതിയുടെ അനുകൂല ഉത്തരവുമുണ്ടായിട്ടും കുളപ്പുള്ളിയിലെ സിമന്റ് വ്യാപാരിയായ ജയപ്രകാശിന് സ്വതന്ത്രമായി കച്ചവടം നടത്താനാവാത്ത സ്ഥിതിയാണുള്ളത്. പൊലീസിന്റെ സഹായത്തോടെയാണു സ്ഥാപനം കഴിഞ്ഞ മൂന്ന് ദിവസമായി പ്രവര്‍ത്തിക്കുന്നത്. വ്യാപാര – വ്യവസായ മേഖലയില്‍ യന്ത്രവല്‍ക്കരണം സര്‍വസാധാരണമായി കൊണ്ടിരിക്കുമ്പോഴാണ് പിന്തിരിപ്പന്‍ നിലപാടുമായി സിഐടിയു സമരവുമായി രംഗത്ത് വരുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളത്തിലെ നോക്കുകൂലി സംസ്‌കാരത്തെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചത്.
ഹൈക്കോടതി വിധിക്ക് പുല്ലുവില കല്‍പിച്ചു കൊണ്ട് കടയ്ക്കു മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തുന്നത് കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ ഒന്നാം സ്ഥാനത്താണെന്ന അവകാശവാദത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ്. യന്ത്രം മൂലം തൊഴില്‍ നഷ്ടമാകുന്നു എന്നു പറഞ്ഞ് സ്ഥാപനത്തിനു മുന്നില്‍ പന്തല്‍കെട്ടി അനിശ്ചിതകാല സമരത്തിലാണു സിഐടിയു. സിമന്റ് ചാക്കുകളുടെ കയറ്റിറക്ക് എളുപ്പമാക്കാന്‍ ആറ് ലക്ഷത്തോളം രൂപ മുടക്കി ജയപ്രകാശ് നാലു മാസം മുന്‍പാണു യന്ത്രം സ്ഥാപിച്ചത്. ഇതിനെതിരെ ചുമട്ട് തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ച ഘട്ടത്തിലാണ് സംരക്ഷണം തേടി ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്.
യന്ത്രംകൊണ്ട് സിമന്റ് ചാക്കുകള്‍ കയറ്റുന്ന സ്ഥലത്തും ഇറക്കുന്ന സ്ഥലത്തും ഒരു തൊഴിലാളി വീതം മതി. പക്ഷേ, സിഐടിയു നേതാക്കള്‍ പ്രതിഷേധവുമായെത്തി. രണ്ടു സിഐടിയു തൊഴിലാളികളെ ഉള്‍പ്പെടുത്താമെന്നും ചാക്കിന് 7.90 രൂപ നല്‍കാമെന്നും ജയപ്രകാശ് സമ്മതിച്ചു. എന്നാല്‍, ആറ് ലോഡിങ് തൊഴിലാളികള്‍ക്ക് ജോലി കൊടുക്കണം എന്ന് ആവശ്യപ്പെട്ടാണ് സംഘടന മര്‍ക്കടമുഷ്ടിയുമായി സമരത്തിനിറങ്ങിയത്.
യന്ത്രം ഉപയോഗിച്ചും തന്റെ ജീവനക്കാരുടെ സഹായത്തോടെയും ജയപ്രകാശിനു കയറ്റിറക്കു നടത്താമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്നാണ് ഭരണ വിലാസം തൊഴില്‍ സംഘടനയുടെ നിലപാട്. ഈ തൊഴില്‍ പ്രശ്‌നത്തില്‍ തൊഴില്‍ വകുപ്പോ, വ്യവസായ വകുപ്പോ ഇത് വരെ ഇടപെട്ടില്ല.
സിഐടിയു ഭീഷണിക്കെതിരെ തിരിച്ചടിക്കാന്‍ തങ്ങളും നിര്‍ബന്ധിതരാകുമെന്ന് വ്യാപാരി വ്യവസായി സംഘടന മുന്നറിയിപ്പ് നല്‍കി. കാലം മാറുന്നതിനനുസരിച്ച് തൊഴിലാളികളും മാറണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വ്യാപാരിയെ ദ്രോഹിക്കുന്നതിനെതിരെ കുളപ്പുള്ളിയിലെ വ്യാപാരികള്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here