കാരണം തിരക്കി ഫോളോവേഴ്സ്; ഫുഡ് വ്ലോഗറിന്റെ മരണത്തിൽ വ്യക്തതയില്ലാതെ പോലീസ്
സോന ജോസഫ്
കൊച്ചി: “ഇത്രയും സാമ്പത്തിക വരുമാനമുള്ള ഇദ്ദേഹത്തിന് ആത്മഹത്യ ചെയ്യാനുള്ള കാരണം?”…”മരണവാര്‍ത്ത വിശ്വസിക്കാന്‍ പറ്റുന്നില്ല”… “വീഡിയോകളില്‍ എന്ത് ചിയര്‍ഫുള്‍ ആയിരുന്നു”… “രാഹുലിന് എന്താണ് സംഭവിച്ചത്?”…
ഈറ്റ് കൊച്ചി ഈറ്റ് വ്ലോഗര്‍ രാഹുൽ എന്‍.കുട്ടി ജീവനൊടുക്കിയതിന്‍റെ കാരണം അന്വേഷിച്ച് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ആയിരക്കണക്കിന് ചോദ്യങ്ങളിൽ ചിലതാണിത്. ഇതിനുത്തരം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് കൊച്ചി പനങ്ങാട് പോലീസ്. മരണത്തിന് തൊട്ടുമുൻപ് രാഹുൽ സഞ്ചരിച്ച സ്ഥലങ്ങളും കണ്ടുമുട്ടിയ ആൾക്കാരെയും കേന്ദ്രീകരിച്ച് പ്രാഥമികാന്വേഷണം നടത്തിയെങ്കിലും വ്യക്തത ഉണ്ടാക്കാനായിട്ടില്ല. ജീവനൊടുക്കാൻ തക്കവിധമുള്ള ഒരു അസ്വസ്ഥതയും തലേ രാത്രിയിൽ പോലും ഉണ്ടായിരുന്നതായി സൂചനയൊന്നും കിട്ടിയില്ല.
ജീവനൊടുക്കിയ ദിവസം രാത്രി രാഹുല്‍ സുഹൃത്തുക്കളുമൊത്ത് കൊച്ചിയിലെ സ്വകാര്യ ബാറില്‍ പാര്‍ട്ടിക്ക് പോയിരുന്നു. അന്ന് മരിച്ചവരുടെ ദിനം ആഘോഷിക്കുന്ന ഹാലോവീന്‍ പാര്‍ട്ടിയായിരുന്നു.
മുഖംമൂടി ധരിച്ച് പ്രേതരൂപങ്ങളായി അവതരിക്കുന്ന തീം ആണ് ഇതിലുണ്ടാകുക. മദ്യപിച്ച രാഹുലിന് ഇത് കണ്ടിട്ട് എന്തെങ്കിലും ഭയമോ വിഭ്രാന്തിയോ ഉണ്ടായോ? അങ്ങനെയെങ്കിൽ ഒപ്പമുള്ളവർക്ക് അത് മനസിലാകേണ്ടതല്ലേ? മറ്റൊരു തുമ്പും കിട്ടാത്തതിനാൽ ഇങ്ങനെയെല്ലാം ആലോചിച്ച് കാടുകയറുകയാണ് പോലീസ്.
സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, സാരമായ ആരോഗ്യപ്രശ്നങ്ങളും ഇല്ലായിരുന്നു. കുടുംബപ്രശനങ്ങളും ഉണ്ടായിരുന്നതായി ആർക്കും അറിവില്ല. സംഭവദിവസം ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നില്ല. മാതാപിതാക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മരിക്കുന്നതിന് തൊട്ടുമുൻപ് പുലർച്ചെ ബിസിനസിലെ തൻ്റെ പാർട്ണറെ രാഹുൽ ഫോണിൽ വിളിച്ചു. മരിക്കാൻ തീരുമാനിച്ചുവെന്ന് അറിയിച്ചു. അദ്ദേഹം വിവരമറിയിച്ച് സുഹൃത്തുക്കൾ രാഹുലിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ടു. എന്നാൽ അപ്പോഴേക്ക് രാഹുൽ തൻ്റെ തീരുമാനം നടപ്പാക്കി കഴിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ പോലീസ് ഉറപ്പിക്കുന്നുണ്ട്. അതിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമം ദുഷ്കരമാണെന്ന് കൊച്ചി പനങ്ങാട് പോലീസ് പറയുന്നു. ഭാര്യ അടക്കം ബന്ധുക്കളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ വിശദ മൊഴി രേഖപ്പെടുത്തിയാൽ ഇതിൽ വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഈ ദിവസങ്ങളിൽ അതിന് കഴിയാത്ത അവസ്ഥയുമാണ്. ഇന്നലെ പുലർച്ചെയാണ് ഈറ്റ് കൊച്ചി ഈറ്റ് വ്ളോഗർ രാഹുൽ എൻ.കുട്ടിയെ കൊച്ചി മാടവനയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here