റെഡ് മീറ്റ് പ്രമേഹ സാധ്യത കൂട്ടും: ഹാർവാർഡ് യൂണിവേഴ്സിറ്റി പഠനം

ന്യൂയോർക്ക്: റെഡ് മീറ്റ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പലകാലങ്ങളിലായി നിരവധി ചർച്ചകളും പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാൽ ഇതുമൂലം ഉണ്ടാകാനിടയുള്ള പ്രമേഹത്തിന്റെ സാധ്യതയെക്കുറിച്ചാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഏറ്റവും പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്. ആഴ്ചയിൽ രണ്ടുതവണ റെഡ് മീറ്റ് കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്
ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍ 22,000-ത്തിലധികം പേരിലാണ് ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായുള്ള ഇവരുടെ ഭക്ഷണശൈലി വിലയിരുത്തിയാണ് പഠനം നടത്തിയത്.
ഏറ്റവും കൂടുതൽ റെഡ് മീറ്റ് കഴിക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 62% കൂടുതലാണെന്നു ഗവേഷകര്‍ പറയുന്നു. അതുപോലെ ഓരോ ദിവസവും അധികമായി കഴിക്കുന്ന റെഡ് മീറ്റ് മൂലം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 24% കൂടുതലാണെന്നും പറയുന്നു.
36 വർഷം വരെയുള്ള വിവരങ്ങള്‍ വിലയിരുത്തി എന്നാണ് പഠനത്തില്‍ പറയുന്നത്. ഇതില്‍ സംസ്കരിച്ചതും അല്ലാത്തതുമായ റെഡ് മീറ്റിന്റെ ഉപയോഗം കൂടുതല്‍ ഉള്ളവരിലാണ് പ്രമേഹം കണ്ടെത്തിയത്. അതിനാല്‍ റെഡ് മീറ്റ് കഴിക്കുന്നവരില്‍ മറ്റുള്ളവരെക്കാള്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന നിഗമനത്തിൽ ഗവേഷകർ എത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here