‘കത്തോലിക്കാസഭയുടെ മതകോടതി രാജ്യവിരുദ്ധം; ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി’; സർക്കാരുകൾ ഇടപെടണമെന്ന് ലേമെൻസ് അസോസിയേഷൻ

താമരശ്ശേരി: മതകോടതി സ്ഥാപിച്ച് വൈദികനെ കുറ്റവിചാരണ ചെയ്യാനുള്ള ബിഷപ്പിൻ്റെ നീക്കം ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമെന്ന് കാത്തലിക് ലേമെൻസ് അസോസിയേഷൻ. താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ഇവിടെ കാനോൻ നിയമപ്രകാരം വത്തിക്കാൻ രാഷ്ട്രത്തിൻ്റെ കോടതി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഈ കോടതിയിൽ കുറ്റവിചാരണ നടത്താൻ നാളെ ഹാജരാകാനാണ് വൈദികനായ ഫാ.അജി പുതിയാപറമ്പിലിന് സമൻസ് അയച്ചിരിക്കുന്നത്. ഇത് ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയും ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കാത്തലിക് ലേമെൻസ് അസോസിയേഷൻ സെക്രട്ടറി എംഎൽ ജോർജ് പറഞ്ഞു.

താമരശ്ശേരി മെത്രാൻ്റെ കൽപ്പനകളെ നിരസിക്കുകയും വിശ്വാസികളെ കൊണ്ട് മെത്രാനെതിരെ കലാപാഹ്വാനം നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഫാ.അജി പുതിയാപറമ്പിലിനെതിരെ നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നാളെ വിചാരണ കോടതിയിൽ ഹാജരാകാനാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന നീതിന്യായ വ്യവസ്ഥക്കും ഭരണഘടനയ്ക്കും പകരമായാണ് കത്തോലിക്കാ സഭയുടെ പേരിൽ കോടതി സ്ഥാപിച്ച് വിചാരണക്ക് ഒരുങ്ങുന്നത്. വത്തിക്കാൻ്റെ സൃഷ്ടിയായ കാനൻ നിയമപ്രകാരമാണിത്. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഇത്തരം സംവിധാനങ്ങളെ വിശ്വാസികൾ തന്നെ എതിർത്തു തോല്പിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിക്കെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചുവെന്നതാണ് പ്രധാന കുറ്റം. സിറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു, സ്ഥലം മാറ്റിയ ഇടവകയില്‍ ചുമതലയേറ്റില്ല തുടങ്ങിയവയാണ് മറ്റ് കുറ്റങ്ങള്‍. ആധുനിക കാലത്തെ ക്രൈസ്തവ സഭകളില്‍ കേട്ടുകേൾവിയില്ലാത്ത തരത്തിലുളള മതകോടതി സ്ഥാപിച്ചാണ് കുറ്റവിചാരണ നടത്താന്‍ ഒരുങ്ങുന്നത്. എന്തുവന്നാലും നാളെ കോടതി മുമ്പാകെ ഹാജരായി തനിക്ക് പറയാനുള്ള സത്യങ്ങള്‍ തുറന്ന് പറയുമെന്ന് അജി പുതിയാപറമ്പില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top