പ്രചാരണം കുട്ടിക്കളിയല്ലെന്ന് ഇലക്ഷൻ കമ്മിഷൻ; കുട്ടികളെ ഉപയോഗിച്ചാൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്

ഡൽഹി: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നതില്‍ വിലക്കുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. റാലികൾ, മുദ്രാവാക്യപ്രകട‌നങ്ങൾ, പോസ്റ്ററുകൾ എന്നിവയുടെ വിതരണം തുടങ്ങി, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകി. ബാലവേല നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കാനാണ് ഇത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും, വരണാധികാരികൾക്കും വ്യക്തിപരമായി ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഇതനുസരിച്ച് കുട്ടികളെ വാഹനങ്ങളിൽ കൊണ്ടുപോകുക, റാലികളിൽ പങ്കെടുപ്പിക്കുക തുടങ്ങി ഒരുതരത്തിലുള്ള പ്രചാരണ നടപടികൾക്കും രാഷ്ട്രീയ നേതാക്കളോ സ്ഥാനാർത്ഥികളോ കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ല.

കവിതകൾ, ഗാനങ്ങൾ, വാക്കുകൾ എന്നിവ വഴിയോ, രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെയോ ചിഹ്നങ്ങൾ ധരിക്കുന്നതിലൂടെയോ, രാഷ്ട്രീയപാർട്ടികളുടെ ആദർശങ്ങളുടെ പ്രദർശനത്തിലൂടെയോ, ഏതെങ്കിലും പാർട്ടിയുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലോ, എതിർ സ്ഥാനാർത്ഥികളെ അല്ലെങ്കില്‍ മറ്റ് പാർട്ടികളെ വിമർശിക്കുന്ന തരത്തിലോ ഉള്ള രാഷ്ട്രീയ പ്രചാരണങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നതിനും നിരോധനം ഉണ്ട്.

എന്നാൽ രക്ഷിതാക്കള്‍ക്ക്‌ ഒപ്പം പ്രചാരണസ്ഥലത്തോ, പരിപാടികൾക്കിടയിലോ കുട്ടികളെ കണ്ടെന്നുള്ള ഒറ്റക്കാരണത്താൽ നിയമപ്രശ്നം ഉണ്ടാകില്ല. രാഷ്ട്രീയക്കാർക്കൊപ്പം അവരെ കണ്ടെത്തിയാലും പരിപാടിക്ക് നിയോഗിക്കപ്പെട്ടതല്ല എങ്കിൽ നിർദ്ദേശങ്ങളുടെ ലംഘനമായി കണക്കാക്കുകയില്ലെന്നും കമ്മിഷൻ വ്യക്തത വരുത്തുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top