സിപിഎം നേതാവ് നേതാവ് പിആർ അരവിന്ദാക്ഷൻ അറസ്റ്റിൽ; കസ്റ്റഡിയിലായത് എസി മൊയ്തീൻ്റെ വിശ്വസ്തൻ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പിആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. കേസിൽ ആദ്യമായി അറസ്റ്റിലാകുന്ന സിപിഎം നേതാവാണ് അരവിന്ദാക്ഷൻ. വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തത്
കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനുമായിരുന്ന അരവിന്ദാക്ഷൻ മുൻ മന്ത്രി എസി മൊയ്തീൻ്റെ വടക്കാഞ്ചേരിയിലെ വിശ്വസ്തൻ കൂടിയാണ്. വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ അരവിന്ദാക്ഷൻ ഇപ്പോൾ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്.
പ്രാദേശിക സിപിഎം നേതാവായ പിആർ അരവിന്ദാക്ഷനും ഇടനിലക്കാരനായ കെഎ ജിജോറുമാണ് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡിക്ക് ഏറ്റവും കൂടുതൽ വിവരങ്ങൾ നൽകിയത്. ഇവരുടെ മൊഴികളുടെയും കൈമാറിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഒന്നാം പ്രതി പി സതീഷ്കുമാർ, രണ്ടാം പ്രതി പിപി കിരൺ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തത്. നേരത്തേ ചോദ്യം ചെയ്യലിനിടയിൽ ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ച് അരവിന്ദാക്ഷൻ പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ ചോദ്യചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞ ഇഡി എറണാകുളം ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം അതിന് തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു.
അതേ സമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എൻബി ബിനു, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ജിൽസ്, മുഖ്യപ്രതി സതീശ് കുമാറിന്‍റെ ഭാര്യ ബിന്ദു എന്നിവരെയാണ് ഇന്ന് ഇഡി വിളിച്ചുവരുത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here