ജെറ്റ് എയർവേയ്സ്: നരേഷ് ഗോയലിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ഡൽഹി: ജെറ്റ് എയർവേയ്സ് ഉടമ നരേഷ് ഗോയൽ കുടുംബത്തിന്റെ 538.05 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നരേഷ് ഗോയൽ, ഭാര്യ അനിതാ ഗോയൽ, മകൻ നിവാൻ ഗോയൽ എന്നിവരുടെ ലണ്ടൻ, ദുബായ്, ഇന്ത്യ എന്നിവിടങ്ങളിലുമുള്ള സ്വത്തുക്കളാണ് കള്ളപ്പണം നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്. നരേഷ് ഗോയൽ കുടുംബത്തിന് ബന്ധമുള്ള നിരവധി കമ്പനികളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള 17 പാർപ്പിട, വാണിജ്യ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
കനറാ ബാങ്കിന്റെ രേഖാമൂലമുള്ള പരാതിയെത്തുടർന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, മോശം പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ജെറ്റ് ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയുടെയും അതിന്റെ പ്രൊമോട്ടര്‍മാരുടെയും പേരില്‍ ചുമത്തപ്പെട്ടത്.
എസ്ബിഐയുടെയും പിഎൻബിയുടെയും നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം അനുവദിച്ച വായ്പകൾ ജെറ്റ് ഇന്ത്യാ ലിമിറ്റഡ് തട്ടിയെടുത്തതായി ഇഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നരേഷ് ഗോയല്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നും ഏജൻസി ആരോപിച്ചു. കമ്പനിയുടെ ഫണ്ടുകൾ വഴിതിരിച്ചുവിട്ട ഒരു വൻ സാമ്പത്തിക തട്ടിപ്പാണ് നരേഷ് ഗോയൽ നടത്തിയത്.
കാര്യമായ പ്രവര്‍ത്തനമൊന്നും നടത്തിയില്ലെങ്കിലും ജെറ്റ് എയർ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എയർവേയ്‌സ് എൽഎൽസി ദുബായ് എന്നീ കമ്പനികള്‍ക്ക് തെറ്റായി ഫണ്ടുകള്‍ നല്‍കി. നരേഷ് ഗോയലും കുടുംബവും സ്വകാര്യ ചെലവുകൾക്കും നിക്ഷേപങ്ങൾക്കുമായി ഫണ്ട് വിനിയോഗിച്ചതായും ഇഡി കുറ്റപ്പെടുത്തി. സെപ്തംബർ ഒന്നിനാണ് കള്ളപ്പണ നിരോധന നിയമ പ്രകാരം നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഗോയല്‍ മുംബൈ ആർതർ റോഡ് ജയിലിലാണുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here