എം കെ കണ്ണനോട് സ്വത്തു വിവരങ്ങൾ ഹാജരാക്കാൻ ഇ ഡിയുടെ അന്ത്യശാസനം; വ്യാഴാഴ്ച കൊച്ചിയിൽ എത്തണം, ബന്ധുക്കളുടെ സ്വത്തു വിവരങ്ങളും നൽകണം

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ കണ്ണനോട് സ്വത്തു വിവരങ്ങൾ ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് നൽകി. കുടുംബത്തിന്റെ സ്വത്തു വിവരങ്ങൾ ഉൾപ്പെടെ വ്യാഴാഴ്ചക്ക് മുൻപ് ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു തവണ എം.കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇ ഡിക്ക് മുന്നിൽ കണ്ണൻ ഹാജരായിരുന്നെങ്കിലും വിറയൽ അനുഭവപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്യൽ പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതി സതീഷ് കുമാർ, ഭൂരിഭാഗം ഇടപാടുകളും നടത്തിയിക്കുന്നത് എം.കെ കണ്ണൻ പ്രസിഡന്റായ തൃശ്ശൂർ സഹകരണ ബാങ്കിലാണ്. ഇവിടെയും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. കണ്ണൻ സ്വയാർജ്ജിതമായി നേടിയ സ്വത്തുക്കൾക്ക് പുറമെ കുടുംബാംഗങ്ങളുടെ സ്വത്തുവിവരങ്ങളും നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസിൽ, കണ്ണന്റെ ആസ്തി വിവരങ്ങൾക്ക് പുറമെ ബിസിനസിനെ പറ്റിയുള്ള വിവരങ്ങൾ, ആദായ നികുതി റിട്ടേണുകൾ, അടുത്ത ബന്ധുക്കളുടെ സ്വത്തുവിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇദ്ദേഹം പാൻകാർഡു പോലും സമർപ്പിച്ചിട്ടില്ലെന്നാണ് ഇ ഡി വൃത്തങ്ങൾ പറയുന്നത്.

കരുവന്നൂർ ബാങ്കിൽ നിക്ഷേപം നടത്തിയവർക്ക് തുക മടക്കി നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ് സർക്കാരും സിപിഎമ്മും. ഇതുമായി ബന്ധപ്പെട്ട് നാളെയും മറ്റന്നാളും നിർണായക ചർച്ചകളാണ് നടക്കുന്നത്. സഹകരണ മന്ത്രി വി.എൻ വാസവൻ നാളെ കേരള ബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top