മാസപ്പടിയില്‍ കേസെടുത്ത് ഇഡി; മുഖ്യമന്ത്രിയുടെ മകളും പ്രതിപ്പട്ടികയില്‍ വരും; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത് പ്രാഥമിക പരിശോധനയ്ക്ക് ശേഷം
കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനടക്കം ആരോപണം നേരിടുന്ന മാസപ്പടിയില്‍ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇഡി കൊച്ചി യൂണിറ്റ് കേസെടുത്ത് അന്വേഷണം തുടങ്ങുന്നത്. മൂന്നാമത്തെ കേന്ദ്ര ഏജന്‍സിയാണ് ആരോപണം അന്വേഷിക്കുന്നത്. ആദ്യം ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡാണ് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും സേവനം നല്‍കാതെ വീണയുടെ കമ്പനിയായ എക്‌സാലോജിക്ക് 1.72 കോടി കൈപ്പറ്റിയതായി കണ്ടെത്തിയത്. സിഎംആര്‍എല്‍ കമ്പനി ജീവനക്കാരുടെ മൊഴിയടക്കം രേഖപ്പെടുത്തിയ ശേഷമാണ് ബോര്‍ഡ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്.
പിന്നാലെ വിഷയത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി വീണയുടെ കമ്പനിയ്ക്ക് പണം നല്‍കിയ കമ്പനികള്‍ക്കെല്ലാം നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ചില കമ്പനികളില്‍ എസ്എഫ്‌ഐഒ പരിശോധനയും നടത്തി. ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇഡിയും കേസെടുത്തിരിക്കുന്നത്. എക്‌സാലോജിക്ക് കമ്പനിയും ഇഡിയുടെ അന്വേഷണ പരിധിയില്‍ വരും. പ്രതിപ്പട്ടികയില്‍ ആരൊക്കെയുണ്ടെന്നത് ഇതുവരെ പുറത്തു വന്നിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഏറെ വെല്ലുവിളിയാകുന്നതാണ് ഇഡി കേസ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി കൂടി അന്വേഷണ പരിധിയില്‍ വരുന്നതിനാല്‍ വീണ വിജയന്‍ പ്രതിപ്പട്ടികയില്‍ വരുമെന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് ഏറെ വിയര്‍ക്കേണ്ടി വരും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here