50 കോടിയുടെ പട്ടിക്കഥ വെറും തട്ടിപ്പ്!! ഇഡി എത്തിയപ്പോള്‍ ഉടമ വേറെ; കാഡബോംബ് ഒകാമിയുടെ വില വെറും ഒരുലക്ഷത്തില്‍ താഴെ

കുറച്ചു ദിവസം മുന്‍പ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഒരു വൈറല്‍ വാര്‍ത്ത വന്നിരുന്നു. ബെംഗളൂരുവിലെ എസ് സതീഷ് എന്നൊരാള്‍ ചെന്നായ പോലുള്ള പട്ടിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ട് പലരും ഞെട്ടി, അത്ഭുതം കൂറി. 50 കോടിയുടെ പട്ടിയോ? അതേ, ഞാനങ്ങ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. രൊക്കം 50 കോടി എണ്ണിക്കൊടുത്ത് വാങ്ങിയതാണ് എന്നെല്ലാം അയാൾ തട്ടിവിട്ടു. പാവം മാപ്രകളും പൊതുജനങ്ങളും അവന്റെ ബഡായി തൊണ്ട തൊടാതെ വിഴുങ്ങി. 50 കോടിയുടെ പട്ടിയേയും ഉടമയേയും കാണാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇക്കഴിഞ്ഞ ദിവസം എത്തിയതോടെ സംഭവം ലേലു അല്ലു ലേലു അല്ലു….

ഇയാളുടെ പട്ടി ഇറക്കുമതിയില്‍ വിദേശ നാണയ വിനിമയ ചട്ടം അഥവ ഫെമയുടെ (Foreign Exchange Management Act -FEMA) ലംഘനം ഉണ്ടായോ എന്നറിയാനാണ് ഇഡി സംഘം എത്തിയത്. അതോടെയാണ് കള്ളിവെളിച്ചത്തായത്. പട്ടി അയാളുടേതല്ല, ഇപ്പോള്‍ സതീഷിന്റെ പക്കല്‍ പട്ടിയുമില്ല, പട്ടിക്കുട്ടിയുമില്ല. ‘ഞാന്‍ അന്ന് വെറുതെ ഒന്ന് പോസ് ചെയ്തന്നേയുള്ളു. സുഹൃത്തിന്റെ വീട്ടിലാണ് പട്ടി,’ അയാള്‍ പറഞ്ഞു. ഇഡി ഉദ്യോഗസ്ഥർ വിവരങ്ങള്‍ അയല്‍വാസിയുമായി ക്രോസ് ചെക്ക് ചെയ്തപ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വന്നു.

അത്ഭുതപട്ടിക്ക് ഒരു ലക്ഷത്തില്‍ താഴെ മാത്രം വിലയേയുള്ളു. പട്ടി വിദേശിയല്ല, ഇന്ത്യനാണ് എന്നാണ് പ്രാഥമിക നിഗമനം. അതോടെ 50 കോടിയുടെ പട്ടിക്കഥ പൊളിച്ചടുക്കി ഇഡി സംഘം കൂടുതല്‍ വിവരങ്ങളറിയാന്‍ വിശദമായി ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. റെയ്ഡിനിടെ, ഇഡി സംഘം സതീഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. എന്നാല്‍ നായയെ വാങ്ങിയതായി പറയപ്പെടുന്ന സമയത്ത് വലിയ ഇടപാടുകളൊന്നും കണ്ടെത്തിയില്ല. ഹവാല മാര്‍ഗത്തിലൂടെയാണോ പണം കൈമാറ്റമെന്ന് സംശയിക്കുന്നതായും ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

ALSO READ : ആനയേക്കാള്‍ വിലയുള്ള നായ!! ‘കാഡബോം ഒകാമി’യെ 50 കോടിക്ക് സ്വന്തമാക്കി ഇന്ത്യക്കാരന്‍; ഇവന്റുകളിലെ സൂപ്പര്‍ സ്റ്റാര്‍ ഇവൻ

ചെന്നായ്ക്കളെപ്പോലെ കാണപ്പെടുന്ന കാഡബോംബ് ഒകാമി (Cadabomb Okami ) എന്ന ഇനത്തില്‍പ്പെട്ട നായ ഇതിനു മുന്‍പ് ലോകത്ത് ഇത്ര വലിയ വിലയ്ക്ക് വിറ്റുപോയിട്ടില്ല എന്നാണ് സതീഷ് അവകാശപ്പെട്ടിരുന്നത്. തനിക്ക് നായ്ക്കളോടുള്ള സ്നേഹം കാരണവും അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഇത്തരം നായ്ക്കളെ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ നായയെ സ്വന്തമാക്കിയത് എന്നാണ് സതീഷ് അന്ന് മാധ്യമങ്ങളോട് തട്ടിവിട്ടത്. 75 കിലോ തൂക്കവും 30 ഇഞ്ച് വലിപ്പവും ഉള്ള നായയാണിത്.

ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ സതീഷ് തന്റെ 50 കോടിയുടെ പട്ടിയെ ഒരു അസാധാരണ മൃഗമാണ് എന്നൊക്കെയാണ് അന്ന് വിശേഷിപ്പിച്ചത്. അതെല്ലാം വെറും ബഡായി മാത്രമായിരുന്നുവെന്ന് ഇഡി സംഘം കണ്ടെത്തി. വേണ്ടാതീനം പറഞ്ഞു പരത്തിയതിന്റെ ഗുലുമാലുകള്‍ ഇനി വരാനിരിക്കുന്നതേയുള്ളു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top