മുൻ ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിൽ റെയ്ഡ്; കണ്ടല ബാങ്കിൽ ഇഡി പരിശോധന
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് എറണാകുളത്ത് നിന്നുള്ള ഇഡി സംഘം റെയ്ഡിനായി എത്തിയത്. ബാങ്കിൻ്റെ മുൻ സെക്രട്ടറിമാരുടെ വീടുകളിലും ഒരു ജീവനക്കാരൻ്റെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്.
ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് റെയ്ഡ്. മുൻ ബാങ്ക് പ്രസിഡൻ്റും സിപിഐ നേതാവുമായ എൻ ഭാസുരാംഗന്‍റെ വാടക വീട്ടില്‍ ഇഡി സംഘമെത്തിയെങ്കിലും വീട് പൂട്ടിയനിലയിലായിരുന്നു. ഭാസുരാംഗന്‍റെ മകന്‍റെ പൂജപ്പുരയിലെ റസ്റ്റോറൻ്റിലും പരിശോധന നടത്തി.
101 കോടിയുടെ ക്രമക്കേടുകൾ കണ്ടല ബാങ്കിൽ സംഭവിച്ചിട്ടുണ്ടെന്ന് സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബിനാമി പേരില്‍ 34 കോടിയും തട്ടിയതായും അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുമ്പ് ഇഡിക്ക് കൈമാറിയിരുന്നു.
മുൻ ബാങ്ക് പ്രസിഡന്റ് എന്‍. ഭാസുരാംഗനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തുന്നതിനിടെയാണ് ഇഡി റെയ്ഡ്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സിപിഐ നേതാവായ എന്‍. ഭാസുരാംഗനായിരുന്നു ബാങ്ക് പ്രസിഡൻ്റ്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here