കരുവന്നൂർ കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി ഇന്ന് ഇഡിക്ക് മുന്‍പില്‍ ഹാജരാകും; വര്‍ഗീസിനൊപ്പം ഹാജരാകാന്‍ ഷാജനും നോട്ടീസ്; പി.കെ.ബിജുവിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കം ശക്തമാക്കി. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനോട് ഇന്ന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ മാസം 26ന് ശേഷം ഹാജരാകാം എന്നായിരുന്നു വർഗീസ് ഇഡിയെ അറിയിച്ചിരുന്നത്. ഈ ആവശ്യം ഇഡി തള്ളിയിരുന്നു. എം.എം.വർഗീസ് സ്ഥാനാർത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന് ഇഡി അറിയിച്ചത്.

കരുവന്നൂർ കള്ളപ്പണക്കേസില്‍ പാര്‍ട്ടി തല അന്വേഷണ റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും വർഗീസ് ഇത് കൈമാറിയില്ല. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.

മുൻ എംപി പി.കെ.ബിജുവിനെ ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു. ബിജുവിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇന്നലത്തെ ചോദ്യംചെയ്യല്‍ ഒന്‍പത് മണിക്കൂറിലേറെ നീണ്ടിരുന്നു. കരുവന്നൂരിലെ പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ അംഗമായിരുന്നു ബിജു. അന്വേഷണ കമ്മിഷന്‍റെ കണ്ടെത്തലുകള്‍, കേസിലെ പ്രതികളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ബിജുവില്‍ നിന്ന് ഇഡി തേടുന്നത്.

സിപിഎം തൃശൂർ കോര്‍പറേഷൻ കൗൺസിലർ പി.കെ.ഷാജനോട് ഇന്ന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗമായിരുന്നു ഷാജനും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top