ഇഡിയെ പേടിച്ച് ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിച്ചെന്ന് ബിജെപി മുഖപത്രം; അന്വേഷണ ഉദ്യോഗസ്ഥരെ തടയാൻ നീക്കമെന്ന് ജന്മഭൂമി റിപ്പോർട്ട്; പതിവ് നാടകമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിൻ്റെ നീക്കങ്ങളെ ചെറുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനും ഔദ്യോഗിക വസതിക്കും സുരക്ഷ വർദ്ധിപ്പിച്ചെന്ന് ബിജെപി മുഖപത്രം. സെക്രട്ടേറിയറ്റിലെ ഓഫീസിലും ക്ലിഫ് ഹൗസിലും നിയന്ത്രണവും സുരക്ഷയും വർദ്ധിപ്പിച്ചെന്നാണ് ജന്മഭൂമി പത്രം റിപ്പോർട്ട് ചെയ്യുന്നത്.
ക്ലിഫ് ഹൗസിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഇഡി ഉദ്യോഗസ്ഥരെ വിലക്കുന്നതിന്‍റെ ഭാഗമാണ് കടുത്ത സുരക്ഷാ സന്നാഹമെന്ന് പത്രത്തിന്‍റെ റിപ്പോർട്ടിലുണ്ട്. സെക്രട്ടേറിയറ്റിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. പലവട്ടം വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്ന സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായെ ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ പോയി ചോദ്യം ചെയ്തിന് പിന്നാലെയാണ് സുരക്ഷ കടുപ്പിക്കാൻ തീരുമാനം ഉണ്ടായതെന്നാണ് ബിജെപി പത്രത്തിന്‍റെ കണ്ടെത്തൽ. സിഎംആർഎല്ലിന്‍റെ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ കഴിഞ്ഞാലുടനെ വീണയെ ചോദ്യം ചെയ്യാനിടയുണ്ട് എന്നാണ് ജന്മഭൂമി പറയുന്നത്.
2019 ഓഗസ്റ്റിൽ അതീവ സുരക്ഷയുണ്ടായിരിക്കെയാണ് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ വീടിന്റെ മതില്‍ ചാടിക്കടന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. അര്‍ധസൈനിക വിഭാഗത്തിന്റെ അകമ്പടിയോടെയായിരുന്നു ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥസംഘം ഡല്‍ഹിയിലെ വസതിയിലെത്തിയത്.
വോട്ടിംഗിന് കേവലം 48 മണിക്കൂർ മാത്രം അവശേഷിക്കേ ഇഡി അത്തരമൊരു സാഹസത്തിന് മുതിരുമോ എന്ന് കണ്ടറിയണം. ഇഡിയെ കാട്ടി സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും പേടിപ്പിക്കുന്നതല്ലാതെ ഗൗരവമായ നടപടിയിലേക്കൊന്നും കേന്ദ്ര അന്വേഷണ ഏജൻസികൾ കടക്കുന്നില്ല എന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് ശക്തിപകരുന്നതാണ് ഇത്തരം വാർത്തകൾ. മാസപ്പടി സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിട്ട് ഏതാണ്ട് ആറേഴ് മാസമാകുന്നു. കാര്യമായ നടപടികളിലേക്കൊന്നും ഏജൻസികൾ കടന്നിട്ടുമില്ല.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിയും മകളും അഴിമതി ആരോപണത്തിന്‍റെ നടുവിലാണെന്ന് പറഞ്ഞെങ്കിലും ചോദ്യം ചെയ്യലോ, റെയ്ഡോ ഒന്നും നടന്നില്ല. സിപിഎം – ബിജെപി ഒത്തുകളിയെന്ന ആരോപണം കോൺഗ്രസ് ഇപ്പോഴും സജീവമായി ഉയർത്തുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here