ഇ.ഡിക്കെതിരെ മൊയ്തീൻ; സുരേഷ്ഗോപിയുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്നു

തൃശൂർ: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ ആരോപണവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീൻ. ചലച്ചിത്രനടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ അരങ്ങൊരുക്കുകയാണ് ഇഡി ചെയ്യുന്നത്. ഇതേ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി കരുവന്നൂരിൽ പദയാത്ര നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“ഒരു സന്ദർഭം കിട്ടിയപ്പോൾ തൃശൂർ ജില്ല അവർ തിരഞ്ഞെടുത്തതിന് കാരണമുണ്ട്. ഞാൻ ഇതങ്ങ് എടുക്കുവാ എന്ന് പറഞ്ഞവന്, ഞാൻ തൃശ്ശൂരിൽ മത്സരിക്കുമെന്ന് അമിത് ഷായുടെ മുന്നിൽനിന്ന് പറഞ്ഞ് സ്വയം സ്ഥാനാർഥിയായ ആൾക്ക് അരങ്ങൊരുക്കുകയാണ് തൃശ്ശൂരിൽ. അതിനുവേണ്ടി ഇ.ഡി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണ്. അതിന്റെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ പദയാത്ര. ഞങ്ങൾക്ക് അതിലൊന്നും ആക്ഷേപമില്ല” – എ.സി മൊയ്തീൻ പറഞ്ഞു.
സഹകരണ ബാങ്കുകളൊക്കെ കള്ളപ്പണം വെളുപ്പിക്കുകയാണെന്നാണ് പറയുന്നത്. അരവിന്ദാക്ഷന്റെ 91 വയസ്സായ അമ്മയ്ക്ക് 65 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ള റിപ്പോർട്ട് ഇ.ഡി കോടതിയിൽ കൊടുത്തെന്നും മൊയ്തീൻ ആരോപിച്ചു. സഹകരണ ബാങ്കുകളാകെ കള്ളപ്പണം വെളിപ്പിക്കുകയാണെന്ന് പ്രചരണം ഇ.ഡി നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, സിപിഎം നേതാവും വടക്കാഞ്ചേരി കൗണ്‍സിലറുമായ പിആര്‍ അരവിന്ദാക്ഷന്റെ അമ്മയ്ക്ക് ലക്ഷങ്ങളുട നിക്ഷേപമുണ്ടെന്ന് അറിയിച്ചത് ബാങ്ക് സെക്രട്ടറിയാണെന്ന് ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു. അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ സഹകരണബാങ്കില്‍ 63 ലക്ഷത്തിന്റെ ഇടപാട് നടന്നുവെന്ന് വ്യക്തമാക്കുന്ന സ്റ്റേറ്റ്‌മെന്റും ഇ,ഡി കോടതിയല്‍ ഹാജരാക്കി. തന്റെ അമ്മയുടെതാണ് അക്കൗണ്ടെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here